സുൽത്താൻ ബത്തേരി : വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള അനുമതി ലഭിച്ചതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ തുറക്കാൻ കഴിയാതിരുന്ന ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ബത്തേരി ടൗൺ സ്ക്വയർ, എടക്കൽഗുഹ, പൂക്കോട് തടാകം, മാവിലാംതോട്, പഴശ്ശി സ്മാരകം, ചീങ്ങേരി സാഹസിക കേന്ദ്രം ഉൾപ്പെടെ ഡി.ടി.പി.സിയുടെ കീഴിലുള്ള പത്ത് കേന്ദ്രങ്ങളാണ് ഇന്ന് മുതൽ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള കർശന നിർദേശങ്ങൾ പാലിച്ചാണ് ആളുകളെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കടത്തി വിടുക.
ചീങ്ങേരി സാഹസിക കേന്ദ്രത്തിൽ 400 പേരെയും പൂക്കോട് എടക്കൽ എന്നിവിടങ്ങളിൽ 100 പേരെ വീതവും മാവിലാം തോട്, പഴശ്ശി സ്മാരകത്തിൽ 150 പേരെയും മറ്റ് കേന്ദ്രങ്ങളിൽ 50 പേരെ വീതവുമാണ് ഒരേ സമയം പ്രവേശിപ്പിക്കുകയുള്ളൂ. അമ്പലവയൽ ഹെറിറ്റേജ് മ്യുസിയം, കാന്തൻപാറ വെള്ളച്ചാട്ടം എന്നിവ അടുത്തഘട്ടത്തിലാണ് തുറക്കുക.