areca-nut

 കാസർകോട്, പുലാമന്തോൾ ഇനങ്ങൾക്ക് 37,500 രൂപ വരെ

കോഴിക്കോട്: കർഷകർക്ക് ആഹ്ളാദം പകർന്ന് അടയ്ക്ക വില റെക്കാഡ് ഉയരത്തിൽ. മികച്ച നിലവാരമുള്ള അടയ്ക്ക കിട്ടുന്ന കാസർകോട്ടും മലപ്പുറത്തെ പുലാമന്തോളിലും ക്വിന്റലിന് 37,500 രൂപ വരെ കിട്ടുന്നുണ്ട് കർഷകർക്ക്. മുമ്പത്തെ മികച്ച വില 30,000 രൂപയാണ്.

കോഴിക്കോട് മാർക്കറ്റിൽ ക്വിന്റലിന് 34,000 രൂപയാണ് വില. 28,​000 രൂപയായിരുന്നു ഇവിടെ റെക്കാഡ്. നിരക്ക് ഇനിയും കൂടുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കൊവിഡ് വ്യാപനം കാരണം ഇറക്കുമതി നിലച്ചത് ഇവിടെ വില ഉയരാൻ സഹായകമായി. ഡിമാൻഡ് കൂടിയതിനനുസരിച്ച് ചരക്ക് എത്തുന്നില്ലെന്നതും നിരക്ക് കൂടാൻ ഇടയാക്കിയിട്ടുണ്ട്. പുതിയ അടയ്ക്ക മാർക്കറ്റിൽ എത്തുന്നത് വരെ വില ഉയർന്നുനിൽക്കുമെന്നാണ് കരുതുന്നത്.

ഉത്തരേന്ത്യൻ വിപണിയിൽ ഡിമാൻഡ് ഗണ്യമായി ഉയരുകയാണ്. നാഗ്പൂർ, ഡൽഹി, ഇൻഡോർ എന്നിവിടങ്ങളിലെ പാൻ പരാഗ് ഫാക്ടറികൾക്ക് അസംസ്കൃത വസ്തുവായ അടയ്ക്ക ആവശ്യത്തിന് ലഭിക്കാത്ത പ്രശ്‌നമേയുള്ളൂ. പുലാമന്തോൾ, കാസർകോട് ഇനങ്ങൾ കൂടുതലായും കയറ്റിപ്പോവുന്നത് ഗുജറാത്തിലേക്കാണ്. അവിടെ മതപരമായ ചടങ്ങുകൾക്ക് അനിവാര്യമാണ് അടയ്ക്ക.

ചെറുകിട കർഷകർക്ക് നിരാശ

വിലയിലുണ്ടായ കുതിച്ചുചാട്ടം ചെറുകിട കർഷകർക്ക് കാര്യമായ നേട്ടമുണ്ടാക്കുന്നില്ല. ലോക്ക്ഡൗൺ പിൻവലിച്ചതോടെ തന്നെ ഇവർ മുഴുവൻ സ്റ്റോക്കും വിറ്റഴിച്ചിരുന്നു. ഇപ്പോൾ വൻകിട കർഷകരിൽ മാത്രമാണ് സ്റ്റോക്കുള്ളത്. പ്രകടമായ നേട്ടം കൊയ്യുന്നതും ഇവർ തന്നെ.

₹37,​500

ക്വിന്റലിന് 37,​500 രൂപയാണ് കാസർകോട്ടും പുലാമന്തോളിലും ഇപ്പോൾ വില. ഇതു റെക്കാഡാണ്. മുമ്പത്തെ മികച്ച വില 30,000 രൂപയായിരുന്നു.