fb

കോഴിക്കോട് : കൊവിഡ് വ്യാപനം അതിരൂക്ഷമായ തീരദേശ മേഖലയിൽ പ്രതിരോധ സംവിധാനം കടുപ്പിച്ച് ജില്ലാ ഭരണകൂടം.

തീരദേശവില്ലേജുകളെ പ്രത്യേക മേഖലകളായി തിരിച്ച് രോഗവ്യാപനത്തിന് തടയിടാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ജനങ്ങൾക്കിടയിൽ കൊവിഡ് ബോധവത്കരണം ഊർജ്ജിതമാക്കും.

വാർഡ് ആർ.ആർ.ടികൾ, കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾ, അംഗനവാടി വർക്കേഴ്‌സ്, ഹെൽപ്പർമാർ തുടങ്ങിയവർ മുഖേന ഓരോ വീടുകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ കൈമാറും. പ്രതിരോധ പ്രവർത്തനങ്ങൾ പരമാവധി ഏകോപിപ്പിക്കും.

പ്രത്യേകം ശ്രദ്ധ നൽകേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കും. ഫിഷ് ലാൻഡിംഗ് സെന്റർ, ഹാർബറുകൾ എന്നിവിടങ്ങളിലെന്ന പോലെ ജനവാസമേഖലകളിലെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബോധവത്കരണത്തിനായി വീഡിയോകളും മറ്റും പുറത്തിറക്കും. പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് തുടരും.

ബോധവത്കരണം വ്യാപിപ്പിക്കുന്നതിനായി ഇൻഫർമേഷൻ എഡ്യൂക്കേഷൻ കാമ്പയിൻ നടപ്പാക്കും. ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ, ഫിഷറീസ് കോ ഓപറേറ്റിവ് സൊസൈറ്റി സാരഥികൾ എന്നിവർ ഇതിന്റെ ഭാഗമാവും. കടലോര ജാഗ്രതാ സമിതികൾ, വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ എന്നിവ ആരംഭിച്ച് ബോധവത്കരണ നിർദ്ദേശങ്ങൾ മുഴുവൻ കുടുംബങ്ങളിലേക്കും എത്തിക്കും.

പ്രദേശങ്ങളിൽ അണുനശീകരണം നടത്തും. കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി വിപുലമായി ജാഗ്രതാസമിതി രൂപീകരിക്കും. വാർഡ്തല ആർആർടിയും ജാഗ്രതാ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ഈ മേഖലയിൽ പ്രവവർത്തിക്കും. തീരദേശമേഖലയിൽ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്ക് പോക്ഷകാഹാരം നൽകി വരുന്നത് തുടരും. കൂടുതൽ ശ്രദ്ധനൽകേണ്ട ആളുകൾക്ക് ഭക്ഷ്യകിറ്റ്, മരുന്നുകൾ എന്നിവ എത്തിച്ചു നൽകും.

മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് പോക്ഷകാഹാരം പുറത്തുനിന്നുള്ളവർക്ക് സ്‌പോൺസർഷിപ്പ് മഖേന നൽകാവുന്നതാണെന്ന് തീരദേശ മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി കളക്ടർ ഹിമ അറിയിച്ചു. വാർഡ് ആർ.ആർ.ടികൾ വീടുകൾ സന്ദർശിച്ച് കൊവിഡ് കേസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ഈ വിവരങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശേഖരിച്ച് മെഡിക്കൽ ഓഫീസർക്ക് കൈമാറുകയും ചെയ്യും.