സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തോട് ചേർന്ന ബീനാച്ചി മേഖലയിൽ കടുവശല്യം രൂക്ഷമായി. ഇന്നലെ പുലർച്ചെ പൂതിക്കാട് ചേരിക്കാപറമ്പിൽ മുഹമ്മദാലിയുടെ വിട്ടിലെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ കടുവ പിടികൂടി തിന്നു.
പുലർച്ചെ കൂട്ടിൽ നിന്ന് ആടിന്റെ കരച്ചിൽ കേട്ടെങ്കിലും പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യമുള്ളതിനാൽ പുറത്തിറങ്ങി നോക്കിയില്ല. നേരം പുലർന്നശേഷം ആട്ടിൻ കൂട്ടിൽ പോയി നേക്കിയപ്പോഴാണ് ഒരു ആടിനെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചലിൽ അമ്പത് മീറ്റർ മാറി ആടിന്റെ ശരീരാവഷിഷ്ടങ്ങൾ കണ്ടെത്തി.
വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം നടത്തുകയും ആടിനെ പിടികൂടിയത് കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ബീനാച്ചി, കട്ടയാട് എന്നിവിടങ്ങളിലായി നിരവധി കർഷകരുടെ വളർത്തു നായ്ക്കളെ കാണാതായിരുന്നു. ഇതെല്ലാം കടുവ പിടികൂടിയതാണെന്നാണ് സംശയിക്കുന്നത്.
മൂന്ന് ദിവസം മുമ്പ് ബീനാച്ചി സ്‌കൂൾ കുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഒരു മാനിനെ കടുവ പിടികൂടി തിന്നുകയുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ കട്ടയാട് രണ്ട് കാട്ടുപന്നികളെ കടുവ പിടികൂടി. ഒന്നിലധികം കടുവകൾ പ്രദേശത്ത് വിഹരിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിനിടെ ബീനാച്ചി റേഷൻ കടയ്ക്ക് സമീപം വെച്ച് കഴിഞ്ഞ ദിവസം രാത്രി ചിലർ കടുവയെ കണ്ടതായി പറയുന്നു.
ബത്തേരി പട്ടണത്തോട് ചേർന്ന കട്ടയാട് റോഡിൽ വെച്ച് രണ്ടാഴ്ച മുമ്പാണ് യാത്രക്കാരുടെ മുന്നിലൂടെ കടുവ റോഡ് മുറിച്ച് സമീപത്തെ തോട്ടത്തിലേക്ക് പോയത്.
കട്ടയാട്, ബീനാച്ചി, പൂതിക്കാട് പ്രദേശങ്ങൾ മൂന്ന് കിലോമീറ്റർ ദൂരപരിധിയിൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളാണ്. കട്ടയാടും ബീനാച്ചിയിലും കണ്ട കടുവ തന്നെയായിരിക്കാം പൂതിക്കാടും എത്തിയതെന്നാണ് വനപാലകരുടെ നിഗമനം.
കടുവ ശല്യം രൂക്ഷമായതോടെ പ്രദേശത്ത് വനപാലകർ രാത്രി നിരീക്ഷണം ആരംഭിച്ചു. കടുവ ശല്യം കാരണം പ്രദേശത്തെ ജനങ്ങളുടെ ഉറക്കവും നഷ്ടപ്പെട്ടു. കടുവ ഉണ്ടാകുമെന്ന് ഭയന്ന് രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളുടെ കരച്ചിൽ കേട്ടാൽ ഇപ്പോൾ ആരും പുറത്തിറങ്ങാറില്ല.
ഫോട്ടോ----ആട്
കടുവ പിടികൂടി കൊന്ന് തിന്ന ആടിന്റെ ശരീരാവശിഷ്ടങ്ങൾ