 
കോഴിക്കോട് : കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രി വികസനത്തിന്റെ പുത്തൻ പടുവകളേറുകയായി. ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റാനാവുന്ന പദ്ധതികൾക്കായി കിഫ്ബിയിൽ നിന്ന് 86. 80 കോടി രൂപ അനുവദിച്ചു.
നിയോജകമണ്ഡലം വികസന പദ്ധതികളുടെ ഭാഗമായി വിശദമായ പദ്ധതി രൂപരേഖ സർക്കാരിന് സമർപ്പിച്ചത് പരിഗണിച്ചാണ് ഇപ്പോൾ തുക വകയിരുത്തിയിരിക്കുന്നതെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ പറഞ്ഞു. ജില്ലയുടെ ചരിത്രത്തിൽ ഒരു ആശുപത്രിയുടെ വികസനത്തിനായി അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിത്. എം.എൽ.എ ഫണ്ട്, പ്ലാൻ ഫണ്ട്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവ വഴി ഏതാണ്ട് 15 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം ബീച്ച് ആശുപത്രിയിൽ പൂർത്തിയാക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിൽ ഏറ്റവും നുതന ചികിതത്സാ സൗകര്യങ്ങൾ ഇനി ബീച്ച് ആശുപത്രിയിൽ സാധാരണക്കാർക്ക് ലഭ്യമമാക്കാനാവും. സർജിക്കൽ ബ്ലോക്ക്, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, അമിനിറ്റി ബ്ലോക്ക് എന്നീ മൂന്ന് മേഖലകളായി തിരിച്ചാണ് ആശുപത്രിയുടെ വികസനം നടക്കുക. എൻ.എം. സലിം ഗ്രൂപ്പാണ് നിർമ്മാണ പ്രവൃത്തികളുടെ രൂപകല്പന തയ്യാറാക്കിയിരിക്കുന്നത്. ഇൻകൽ ആണ് നിർവഹണ ഏജൻസി.
 സർജിക്കൽ ബ്ലോക്ക്
എട്ടു നിലകളിലായാണ് സർജിക്കൽ ബ്ലോക്ക് ഉയരുക. താഴത്തെ നിലയിൽ അത്യാഹിത. വിഭാഗം, എം.ആർ.ഐ സ്‌കാനിംഗ്, സി.ടി. സ്കാൻ, എമർജൻസി ഓപ്പറേഷൻ തീയേറ്റർ, സ്‌ട്രോക് ഐ.സി.യു, 12കിടക്കകളുള്ള ഒബ്‌സർവേഷൻ വാർഡ്, മോർച്ചറി തുടങ്ങിയ സൗകര്യങ്ങളുണ്ടാവും.
രണ്ടു മുതൽ അഞ്ചുവരെയുള്ള നിലകളിലായി ആറു വീതം കിടക്കകളുള്ള പത്ത് വാർഡുകൾ വീതം ആകെ 240 ബെഡുകളാണ് ഈ സമുച്ചയത്തിൽ ഒരുക്കും. അതോടൊപ്പം 36 പേവാർഡുകളുമുണ്ടാവും.
ആറാം നിലയിൽ പൂർണമായും ഐ.സി.യു സംവിധാനമായിരിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും പത്ത് ബെഡ് വീതമുള്ള രണ്ട് വീതം ഐ.സി.യു സജ്ജീകരിക്കും.
ഏഴാംനിലയിൽ ആറ് ഓപ്പറേഷൻ തീയേറ്ററുകൾ ഒരുങ്ങും. പത്ത് കിടക്കകൾ വീതമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളും രോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഡോമിറ്ററി സൗകര്യവുമുണ്ടാവും. എട്ടാം നില പൂർണമായും ലബോറട്ടറി കോംപ്ലക്‌സാണ്. ഒപ്പം സ്റ്റെറിലൈസേഷൻ യൂണിറ്റും. എല്ലാ നിലകളിലേക്കുമുള്ള അനായാസ സഞ്ചാരത്തിന് ആറു ലിഫ്റ്റുകളുമുണ്ടാവും.
 അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്
താഴത്തെ നിലയിൽ ഡെർമറ്റോളജി ഒ.പി യും അതിന്റെ അനുബന്ധ സൗകര്യങ്ങളും ക്രമീകരിക്കും. ഒന്നാം നിലയിൽ സൂപ്രണ്ടിന്റെ ഓഫീസും രണ്ടാം നിലയിൽ മെഡിക്കൽ റിക്കോർഡ് ലൈബ്രറിയും കോൺഫറൻസ് ഹാളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
 അമിനിറ്റി ബ്ലോക്ക്
ഫുഡ് കോർട്ടുൾപ്പെടെയുള്ള സൂപ്പർ മാർക്കറ്റിനു പുറമെ നീതി മെഡിക്കൽ സ്റ്റോർ, കാരുണ്യ മെഡിക്കൽ സ്റ്റോർ എന്നിവയും കൂട്ടിരിപ്പുകാർക്കുള്ള ഡോർമിറ്ററി സംവിധാനവും ഉൾക്കൊള്ളുന്നതാണ് ഈ ബ്ലോക്ക്.
അടുത്ത ഘട്ടത്തിൽ നിലവിലുള്ള പഴയ കെട്ടിട സമുച്ചയം നവീകരിക്കാനും കൂടിയുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
" വിദ്യാഭ്യാസമണ്ഡലത്തിൽ പ്രിസം മാതൃക പോലെ കോഴിക്കോട് ജില്ലയുടെ ചരിത്രത്തിൽ ആരോഗ്യമേഖലയിൽ മറ്റൊരു മാതൃക ആവിഷ്‌കരിക്കുകയാണ് നോർത്ത് മണ്ഡലം. വളരെ സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന തീരദേശത്ത് ഒരു ഹൈടെക് ആശുപത്രി സമുച്ചയമാണ് യാഥാർത്ഥ്യമാവുന്നത്.
എ. പ്രദീപ്കുമാർ എം.എൽ.എ