സുൽത്താൻ ബത്തേരി : ഇടതു മുന്നണിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ഏറെ വിവാദങ്ങൾ ഉണ്ടാവുകയും പാർട്ടി വിപ്പ് ലംഘിച്ചതിന് നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ടി.എൽ. സാബുവിന്, കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം ആശ്വാസമായി. പാർട്ടിയുടെ മുന്നണി മാറ്റം തന്റെ തീരുമാനം ശരിയെന്ന് തെളിയിച്ചിരിക്കുകയാണ്.
കോൺഗ്രസ് (എം) അംഗമായി കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കുകയും ബത്തേരി നഗരസഭയിൽ ഇടതുപക്ഷത്തോടൊപ്പം അധികാരത്തിൽ തുടരുകയും ചെയ്ത നടപടിയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ശരിയായിതീർന്നത്.

നഗരസഭയിലെ 35 ഡിവിഷനുകളിൽ 17 സീറ്റ് വീതം എൽ.ഡി.എഫും യു.ഡി.എഫും നേടിയപ്പോൾ ഒരു സീറ്റ് ബി.ജെ.പി.നേടി. ഭരണ സമിതി തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വതന്ത്ര നിലപാട് സ്വീകരിച്ചപ്പോൾ യു.ഡി.എഫിന്റെ ഘടക കക്ഷിയായിരുന്ന കേരള കോൺഗ്രസ് ഇടതുപക്ഷത്തിന് പിന്തുണ നൽകി ഭരണത്തിലേറി.
രാഹുൽ ഗാന്ധി എം.പിയായി വയനാട്ടിൽ മൽസരിക്കാനെത്തിയതോടെ നഗരസഭയുടെ ചെയർമാൻ സ്ഥാനം ടി.എൽ.സാബു രാജിവെക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വത്തോട് ലീഗും കോൺഗ്രസും ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ ഇതിന് തയ്യാറായില്ല. ഇതോടെ കേരള കോൺഗ്രസ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മറ്റിയോട് സാബുവിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ജില്ലാ ചെയർമാൻ പാർട്ടി വിപ്പ് ലംഘിച്ചുവെന്ന് കാണിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഇതിന്റെ നിയമ നടപടികൾ നടന്നുവരികയാണ്.

സാബു എൽ.ഡി.എഫിന് പിന്തുണ നൽകിയതോടെ ജില്ലയിലെ യു.ഡി.എഫ് നേതൃത്വം കേരള കോൺഗ്രസ് ജില്ലാ ചെയർമാനെ യു.ഡി.എഫിന്റെ പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. കേരള കോൺഗ്രസിന്റെ എൽ.ഡി.എഫിലേക്കുള്ള പ്രവേശനത്തോടെ ജില്ലയിൽ കേരള കോൺഗ്രസിന് ഇനി മുന്നണിയുടെ പിന്തുണയായി.