വടകര: മുനിസിപ്പൽ പരിതിയിലെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കൂട്ടമായെത്തുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഒരു പോലെ ഭീഷണിയാകുകയാണ്. നഗരത്തിലെ പ്രധാന കേന്ദ്രമായ ടൗൺ മാർക്കറ്റ്, കോടതി, ജെ.ടി റോഡ് മേഖലകൾ പൂർണമായും നായകൾ കയ്യടക്കിയിരിക്കുകകയാണ്.

ലോക്ക് ഡൗണിന് ശേഷമാണ് നഗരത്തിൽ നായകളുടെ ശല്യം പെരുകിയത്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് നായ്ക്കൾ കൂടുതലായി ടൗണിലിറങ്ങുന്നത്.

രാത്രിയിൽ വാഹനങ്ങളുടെ തിരക്ക് കുറവായതിനാൽ റോഡിന്റെ നടുവിൽ കൂട്ടമായി നിൽക്കുന്നതും കിടന്നുറങ്ങുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങൾക്ക് വട്ടം ചാടുന്നതും വാഹനങ്ങൾക്ക് പിന്നാലെ കുതിച്ചെത്തുന്നതും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതു മൂലം യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായി.

അങ്ങാടിയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ മത്സ്യം, മാംസം ബേക്കറി സാധനങ്ങൾ മുതലായവ വാങ്ങി ഇരുചക്രവാഹനത്തിൽ തൂക്കി വെക്കുകയും ശ്രദ്ധ ഒന്ന് മാറുമ്പോഴേക്കും സാധനങ്ങൾ നായ കൊണ്ട് പോകുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് നിത്യ സംഭവമായിട്ടുണ്ട്.

ടൗണിലെ കട തിണ്ണകൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വിഹാരം. ഇവിടെ തന്നെ മലമൂത്രവിസ‌ർജ്ജനം ചെയ്യുന്നതിനാൽ കടക്കാരും കഷ്ടപ്പാടിലാണ്.