01

കോഴിക്കോട്: ആൾ ഇന്ത്യ ഡാൻസേഴ്‌സ് അസോസിയേഷന്റെ നട്‌വർ ഗോപീകൃഷ്ണ ദേശീയ അവാർഡിന് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിലെ ഒൻപതാം സ്റ്റാന്റർഡ് വിദ്യാർത്ഥിനി എം.ആർദ്ര അർഹയായി. അസോസിയേഷൻ പുരസ്കാരം ഏർപ്പെടുത്തിയ ശേഷം 56 വർഷത്തിനിടയ്ക്ക് ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നർത്തകിയാണ് ആർദ്ര. ഭരതനാട്യത്തിലെ ഉജ്ജ്വല പ്രകടനമാണ് ആർദ്രയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഈ വർഷത്തെ മത്സരം ഉത്തരാഖണ്ഡിൽ തീരുമാനിച്ചതായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുകയാണുണ്ടായത്.

നേരത്തെ അസോസിയേഷൻ മുംബയിൽ ഒരുക്കിയ ദേശീയ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ കുച്ചുപ്പുഡിയിൽ സ്വർണ മെഡലും അന്തർദ്ദേശീയ മത്സരത്തിൽ ഭരതനാട്യത്തിൽ നൃത്ത കലാവൈഭവ പുരസ്‌കാരവും നേടിയിട്ടുണ്ട് ആർദ്ര. മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നിവയിലും ഇതിനകം ശ്രദ്ധ പിടിച്ചുപറ്റാനായിട്ടുണ്ട്.

ശ്രീജിത്ത് - ഗ്രീഷ്‌മ ദമ്പതികളുടെ മകളാണ്‌. കലാമണ്ഡലം വിനോദിനി, ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആന്റണി എന്നിവരാണ് ഗുരുക്കന്മാർ.