കൽപ്പറ്റ: എം.എസ്.ഡി.പി പദ്ധതി മുഖേന നടത്തുന്ന നിർമ്മാണ പദ്ധതികൾ കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. എം.എസ്.ഡി.പി പദ്ധതിയുടെ നിർവഹണത്തിനായി 60 ശതമാനം കേന്ദ്രസക്കാർ ഫണ്ടും, 40 ശതമാനം സംസ്ഥാന സർക്കാർ ഫണ്ടും ആണ് വിനിയോഗിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് ആണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. കൽപ്പറ്റ പനമരം ബ്ലോക്ക് പഞ്ചായത്തുകളിലെ ഭരണ സ്വാധീനം ഉപയോഗിച്ച് തങ്ങൾക്കിഷ്ടമുള്ളവരെ ഉപയോഗിച്ച് ഉദ്ഘാടനം നടത്തുകയാണ് കോൺഗ്രസ്.
വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഈ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തത് ബന്ധപ്പെട്ട വകുപ്പ് അറിഞ്ഞിരുന്നില്ല. പനമരം, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിനായി നിർമ്മിച്ച കെട്ടിട ഉദ്ഘാടനവും ബന്ധപ്പെട്ട വകുപ്പ് അറിയാതെ തങ്ങൾക്കിഷ്ടപ്പെട്ടവരെ ഉപയോഗിച്ച് നടത്തുകയാണ് ഉണ്ടായത്.
കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതും വകുപ്പ് തലത്തിൽ ആരെയും അറിയിച്ചിരുന്നില്ല. ഉദ്ഘാടകനായ വയനാട് എം പിക്ക് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഒരു പങ്കും ഇല്ല. പ്രൊപോസൽ സമർപ്പിക്കുന്നത് പോലും ജില്ലാ കളക്ടർ ആണ്. ചീപ്രം കോളനിയിൽ ആദിവാസികൾക്കായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുപോലും മന്ത്രിയെ പങ്കെടുപ്പിക്കാതെ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുകയായിരുന്നു. കണിയാമ്പറ്റയിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച പട്ടികവർഗ്ഗ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തത് മണ്ഡലത്തിലെ എം.എൽ.എ പോലും അറിയാതെയാണ്.
കൽപ്പറ്റ സ്‌കൂളിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവെക്കുകയാണ് ചെയ്തത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളോട് രാഷ്ട്രീയം പറയാൻ കഴിയാത്ത കോൺഗ്രസ്സ് ഉദ്ഘാടന നാടകങ്ങൾ നടത്തുകയാണ്.
വയനാട് മണ്ഡലത്തിൽ നിന്ന് ജയിച്ച എം.പിയുടെ സാന്നിദ്ധ്യം മണ്ഡലത്തിലുണ്ടെന്ന് വരുത്താൻ സർക്കാർ നൽകുന്ന ഫണ്ടുകൾ വിനിയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കുന്നത് അവസനിപ്പിക്കണം.
വിവിധ സർക്കാർ കമ്മിറ്റികളിൽ എം.പി വരാതെ കോൺഗ്രസ്സുകാരെ നിയമ വിരുദ്ധമായി പങ്കെടുപ്പിക്കുന്നത് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.