
:കാഞ്ഞങ്ങാട് നിലവിൽ കാർഷികോത്പന്നങ്ങളിൽ മെച്ചപ്പെട്ട വില കിട്ടുന്ന അടക്കയ്ക്ക് വൻഭീഷണിയുയർത്തി മഹാളി രോഗം. കനത്ത മഴയിൽ ഈ കുമിൾരോഗം പടർന്നുപിടിക്കുമെന്ന അവസ്ഥയിൽ പോംവഴിയെന്തെന്ന് ആലോചിച്ച് തലപുണ്ണാക്കുകയാണ് വലിയൊരു വിഭാഗം കർഷകർ.
കേരളത്തിൽ ഏറ്റവുമധികം അടക്കാകർഷകരുള്ളത് കാസർകോട്, കണ്ണൂർ ജില്ലകളിലാണ്. അടക്ക ഉത്പാദനത്തിൽ 90 ശതമാനം വരെ നഷ്ടമുണ്ടാക്കുന്ന മഹാളി പടർന്നാൽ കുരുന്നിൽ തന്നെ അടക്കകൾ പൊഴിഞ്ഞുവീഴും. ഇക്കുറി കാലം തെറ്റി പെയ്യുന്ന മഴ കുമിൾരോഗം പരക്കുന്നതിന് വലിയ സാദ്ധ്യതയാണ് തുറക്കുന്നതെന്ന് കാർഷികശാസ്ത്രജ്ഞൻമാർ തന്നെ സമ്മതിക്കുന്നുണ്ട്.
കനത്ത മഴയിൽ രോഗം നിയന്ത്രിക്കുക പ്രയാസമാണ്.വെയിൽ വന്നാൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം കമുകിന്റെ മണ്ടയിലും പൂങ്കുലകളിൽ എല്ലായിടത്തു എത്തുംവിധം പശ കൂട്ടി തളിക്കുന്നതാണ് മഹാളിയെ ചെറുക്കാനുള്ള ഏക മാർഗം. പക്ഷെ തുടർച്ചയായ മഴ ഇതിനെ പ്രയോജനരഹിതമാക്കും.
തോട്ടത്തിൽ നീർവാർച്ചാ സൗകര്യം ഒരുക്കുക, കമുക് നടുമ്പോൾ ശരിയായ അകലം നൽകാൻ ശ്രദ്ധിക്കുക, മഴ തുടങ്ങും മുൻപ് ചെറുദ്വാരമുള്ള പോളി ബാഗുകൾ കൊണ്ട് അടക്കാ കുലകൾ പൊതിഞ്ഞു വയ്ക്കുക, രോഗബാധയേറ്റ് കൊഴിഞ്ഞു വീഴുന്ന അടക്കയും പൂങ്കുലകളും തോട്ടത്തിൽ നിന്നും നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് രോഗവ്യാപനം കുറയ്ക്കാൻ അവലംബിക്കുന്ന മാർഗങ്ങൾ.
മഹാളിഫൈറ്റോഫ് തോറ അരക്കെ വിഭാഗത്തിൽ പെട്ട കുമിളുകളാണ് രോഗകാരികൾ. മണ്ണിലും രോഗബാധയേറ്റ അടക്കകളിലും, പൂങ്കുലകളിലുമൊക്കെ ഈ രോഗകാരികളെ കാണാം. കുറഞ്ഞ അന്തരീക്ഷതാപനിലയും തുടർച്ചയായ മഴയും മൂടി കെട്ടിയ കാലാവസ്ഥയും ഉയർന്ന ആർദ്രതയും റബ്ബർ തോട്ടങ്ങളുടെ സാമീപ്യവുമൊക്കെ രോഗവ്യാപനത്തിനും രോഗതീവ്രതയ്ക്കും കാരണമാകുന്നു. കാറ്റിലൂടെയാണ് രോഗം പകരുന്നത്.ഇളംപ്രായത്തിലുള്ള അടക്കകൾ കൊഴിയുന്നതാണ് ആദ്യ ലക്ഷണം. കൊഴിഞ്ഞ അടക്കകളുടെ തൊപ്പി ഭാഗത്ത് വെള്ളം നനഞ്ഞത് പോലുള്ള പച്ചനിറത്തിൽ പൊട്ടുകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ ഇവ കടും തവിട്ടു നിറത്തിലോ കറുപ്പു നിറത്തിലോ ആയി അടക്കയുടെ ചുവടുഭാഗത്തേക്ക് പടരുന്നു. രോഗബാധ ക്രമേണ തണ്ടിലേക്കും പൂങ്കുലകളിലേക്കും വ്യാപിച്ചു അഴുകി നശിക്കുന്നു.
അടക്ക കിലോ 340 രൂപ
കാർഷികോത്പന്നങ്ങളിൽ മികച്ച വിലയാണ് ഇപ്പോൾ അടക്കയ്ക്ക് .ഒരു കി.ഗ്രാം അടക്ക വിൽക്കുമ്പോൾ കർഷകന് കിട്ടുന്നത് 340 രൂപ.ഇത് 350 രൂപ വരെ എത്തിയിരുന്നു.