
കോഴിക്കോട്: കൊവിഡ് പടർന്നതോടെ പ്രതിരോധശേഷിയ്ക്ക് മുമ്പൊന്നുമില്ലാത്ത ഊന്നൽ വന്നപ്പോഴേക്കും നെല്ലിക്ക സൂപ്പർതാരമായി. വഴിയോര വിപണി മുതൽ ഹൈപ്പർ മാർക്കറ്റുകളിൽ വരെ ഈ കുഞ്ഞൻ ഇനത്തിന് വമ്പൻ ഡിമാൻഡാണ്.
ഹോമിയോ - ആയർവേദ പ്രതിരോധ മരുന്നുകൾ വ്യാപകമായി വിതരണത്തിനെത്തിയപ്പോഴും നെല്ലിക്കയുടെ സ്വീകാര്യത നാട്ടിൻപുറമെന്നോ നഗരമെന്നോ ഭേദമില്ലാതെ പരക്കെ വന്നതാണ്.
വരവ് യഥേഷ്ടമുണ്ടെന്നതുകൊണ്ടു തന്നെ ഡിമാൻഡ് കൂടിയതിന്റെ വിലക്കയറ്റം പൊതുവെ ബാധിച്ചിട്ടില്ല.
നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധശേഷി ഉയർത്തുന്നതിൽ ഉത്തമമാണെന്ന വിദഗ്ദരുടെ വിലയിരുത്തൽ വായിച്ചും കണ്ടും കേട്ടും മിക്കവരും അതൊരു ഔഷധമെന്നോണം പതിവാക്കിയിരിക്കുകയാണ് ഇപ്പോൾ. പച്ചനെല്ലിക്ക അതേപടി തിന്നുന്നവരും ജ്യൂസാക്കി കുടിക്കുന്നവരുമാണ് ഏറെയും. ചമ്മന്തി തുടങ്ങിയ രൂപത്തിലാക്കി അകത്താക്കുന്നവരും കുറവല്ല.
വില ഒരു ഘട്ടത്തിൽ കിലോഗ്രാമിന് 70 രൂപ വരെയെത്തിയിരുന്നെങ്കിലും ഇപ്പോൾ 60 രൂപയാണ് നിരക്ക്. കച്ചവടക്കാരിൽ ചിലർ രണ്ടു കിലോ 100 രൂപ നിരക്കിലും വിൽക്കുന്നുണ്ട്. വഴിയോരവാണിഭക്കാർ രാവിലെ എടുക്കുന്ന സ്റ്റോക്ക് മണിക്കൂറുകൾക്കകം തീരുകയാണ്. സാധാരണ പച്ചക്കറി കടകളിലും
ഹൈപ്പർ മാർക്കറ്റുകളിലുമെല്ലാം ഇതിന് ആവശ്യക്കാർ ഏറെയാണ്.
നെല്ലിക്ക ഡിമാൻഡ് കണ്ടറിഞ്ഞ് നേരത്തെ പച്ചക്കറിയും പഴക്കച്ചവടവും ചെയ്തിരുന്ന ഉന്തു വണ്ടിക്കാരിൽ പലരും ചുവട് മാറിച്ചവിട്ടിയിരിക്കുകയാണ്.
കേമത്തം ഇങ്ങനെ
വിറ്റാമിൻ സി, ഇരുമ്പ്, കാത്സ്യം എന്നിവ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കാര്യമായി തുണയ്ക്കുന്നു. ഇത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും ഉത്തമം. നെല്ലിക്കയിലെ ആന്റി ഓക്‌സിഡെന്റുകൾ ചർമ്മ സംരക്ഷണത്തിനും നല്ലതാണ്.
ശർക്കര ചേർത്ത ലേഹ്യം, ചമ്മന്തി, നെല്ലിക്ക ഉണക്കി പൊടിച്ചത്, അച്ചാർ തുടങ്ങിയവയാണ് പ്രധാന നെല്ലിക്ക വിഭവങ്ങൾ.
''കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം പങ്കാളികളാകാൻ നെല്ലിക്ക വില്പനയിലൂടെ ഞങ്ങൾക്കും സാധിക്കുന്നുണ്ട്. വഴിയോര കച്ചവടക്കാർക്കടക്കം ദിവസവും നല്ല വില്പനയാണിപ്പോൾ. മൈസൂരുവിൽ നിന്ന് ആഴ്ചയ്ക്ക് രണ്ട് തവണയായാണ് നെല്ലിക്ക മൊത്തമായി കച്ചവടക്കാർ എത്തിക്കുന്നത്.
അബ്ദുള്ള, പാളയത്തെ നെല്ലിക്ക കച്ചവടക്കാരൻ