k-muraleedharan

കോഴിക്കോട്: കേരള കോൺഗ്രസ് എം ജോസ് വിഭാഗം യു.ഡി.എഫ് വിട്ടത് നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ആ കക്ഷിയും യു.ഡി.എഫും വിട്ടുവീഴ്‌ച ചെയ്യണമായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ്പുണ്ടാവുന്നുണ്ട്. ചർച്ച ചെയ്‌താൽ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് തോന്നുന്നത്. കൂടുതൽ കക്ഷികൾ മുന്നണി വിട്ടുപോകുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും വീരേന്ദ്രകുമാറും എല്ലാം ചേർന്നതായിരുന്നു ഐക്യജനാധിപത്യ മുന്നണി. അവരുടെ പിൻമുറക്കാർ ഇപ്പോൾ എൽ.ഡി.എഫിനൊപ്പമായി. കെ. കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം കൂടുതൽ കക്ഷികളെ ചേർത്തിട്ടേയുള്ളൂ. കൂടുതൽ കക്ഷികളെ യു.ഡി.എഫിലേക്ക് ആകർഷിക്കാൻ കഴിയണം. അധികാരത്തുടർച്ച ലക്ഷ്യമാക്കി എന്തും ചെയ്യാൻ ഇടതുമുന്നണി മടിക്കില്ലെന്നു വ്യക്തമായി. ഇന്നലെവരെ മാണിയെ കുറിച്ച് പറഞ്ഞതൊക്കെ അവർ വിഴുങ്ങിയെന്നും മുരളീധരൻ ആക്ഷേപിച്ചു.