കോഴിക്കോട്: ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മലബാർ മേഖലയിൽ നിന്ന് ബംഗളൂരുവിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്നു.

മാർച്ച് 22ന് രാജ്യത്തുടനീളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ട്രെയിൻ ഗതാഗതവും നിലയ്ക്കുകയായിരുന്നു. മുംബയ്. ന്യൂഡൽഹി, ചെന്നൈ, തിരുവനന്തപുരം നഗരങ്ങളിലേക്ക് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചപ്പോഴും ധാരാളം മലയാളികൾ ജോലി ചെയ്യുന്ന ബംഗളൂരുവിലേക്ക് ട്രെയിൻ സർവീസ് തുടങ്ങിയിരുന്നില്ല.

യശ്വന്ത്പൂർ - കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 20 മുതൽ നവംബർ 30 വരെയും കണ്ണൂർ - യശ്വന്ത്പൂർ ട്രെയിൻ ഒക്ടോബർ 21 മുതൽ ഡിസംബർ ഒന്ന് വരെയുമാണ് സർവീസ് നടത്തുക.

യശ്വന്ത്പൂർ - കണ്ണൂർ ട്രെയിൻ രാത്രി എട്ടിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.50 ന് കണ്ണൂരിൽ എത്തിച്ചേരും. നേരെത്തെ ഓടിയിരുന്ന സമയക്രമവും സ്റ്റോപ്പും നിലനിറുത്തിയായിരിക്കും സർവീസ് നടത്തുക.

കണ്ണൂർ - യശ്വന്ത്പൂർ ട്രെയിൻ വൈകിട്ട് 6.05 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് യശ്വന്ത്പൂരിൽ എത്തും. സമയക്രമവും സ്റ്റോപ്പും പഴയ നിലയിൽ തുടരും.