tiger

വാകേരി : ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ പന്നി ഫാം നടത്തുന്ന കർഷകന്റെ രണ്ട് പന്നികളെ പിടികൂടി തിന്നു. വാകേരി രണ്ടാം നമ്പർ പുന്നമറ്റത്തിൽ പ്രദീപിന്റെ പന്നികളെയാണ് വെള്ളിയാഴ്ച രാത്രി കടുവ പിടികൂടിയത്. ഒരു പന്നിയെ ഭാഗികമായും ഒന്നിനെ തല ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം പൂർണമായും തിന്നുതീർത്തു. രണ്ട് പന്നികളുടെയും ശരീരാവശിഷ്ടങ്ങൾ ഫാമിൽ നിന്ന് നൂറ് മീറ്ററോളം മാറിയാണ് കിടന്നിരുന്നത്.

രാവിലെ പന്നികൾക്ക് തീറ്റ കൊടുക്കുന്നതിനായി പ്രദീപ് ഫാമിലെത്തിയപ്പോഴാണ് രണ്ട് പന്നികളെ കാണാനില്ലാത്തതും പന്നികൂട്ടിൽ രക്തം കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പന്നികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടത്. കടുവയാണ് പന്നികളെ പിടികൂടിയതെന്ന സംശയം ഉയർന്നതോടെ വിവരം വനപാലകരെ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ പ്രദേശത്ത് പരിശോധന നടത്തുകയും കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
കടുവയുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ട പ്രദേശത്ത് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചു. ജനവാസകേന്ദ്രത്തിലിറങ്ങി ജനങ്ങൾക്ക് ഭീഷണിയായി തീർന്ന കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.