loca
നവീകരിക്കുന്ന ശ്മശാനത്തിന്റെ മാതൃക

 പ്രവൃത്തി 19ന് തുടങ്ങും

കോഴിക്കോട് : മാവൂർ റോഡ് ശ്മശാനത്തിന്റെ നവീകരണം തിങ്കളാഴ്ച തുടങ്ങും. ആറു മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ്കുമാർ എം.എൽ.എ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എം.എൽ.എ യുടെയും കോർപ്പറേഷന്റെയും നേതൃത്വത്തിൽ 3. 3 കോടി രൂപ ചെലവിലാണ് ശ്മശാനം പുതുക്കിപ്പണിയുന്നത്. നേരത്തെ ആരംഭിക്കേണ്ടിയിരുന്ന കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും മഴയും കാരണം മാറ്റിവക്കുകയായിരുന്നെന്ന് എം.എൽ.എ പറഞ്ഞു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി. ബാബുരാജും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

 നവീകരിക്കുന്നത് നൂറ്റാണ്ടിന്റെ പഴക്കമുള്ള ശ്മശാനം

നൂറു വർഷത്തിലേറെ പഴക്കമുണ്ട് മാവൂർ റോഡ് ശ്മശാനത്തിന്. നഗരമദ്ധ്യത്തിലുള്ള ശ്മശാനത്തിൽ നിന്നുണ്ടാകുന്ന പുകയും രൂക്ഷമായ ഗന്ധവും ഏറെ കാലമായി പരാതിയ്ക്ക് ഇടയാക്കിയിരുന്നു. നിലവിലുള്ള ഇലക്ട്രിക് ശ്മശാനം മാത്രം നിലനിറുത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ് നിർമ്മാണം ആരംഭിക്കുക.
തറ ഒരു മീറ്ററിൽ അധികം ഉയർത്തും. നൂതന സാങ്കേതികവിദ്യയിൽ സംസ്‌കാരം നടത്താൻ മൂന്ന് ഗ്യാസ് ചൂളകളോട് കൂടിയ ശ്മശാനമാണ് നിർമിക്കുക. 5,250 ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും ശ്മശാന കെട്ടിടം. ഓരോ ചൂളയോടും ചേർന്ന് പരമ്പരാഗത രീതിയിൽ സംസ്‌കാര ക്രിയകൾ ചെയ്യാനുള്ള സംവിധാനവുമുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് കുളിച്ചുമാറാൻ സൗകര്യവുമുണ്ടാകും. സംസ്‌കാര ചടങ്ങുകൾക്കുള്ള സാധനം വാങ്ങാൻ സ്റ്റാളും ഓഫീസും കെട്ടിടത്തിൽ പ്രവർത്തിക്കും.

മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക വെള്ളത്തിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ചശേഷം നൂറ് അടി ഉയരമുള്ള പുകക്കുഴലിലൂടെ പുറത്തേയ്ക്ക് വിടും. ട്രീറ്റ്‌മെന്റ് പ്ലാന്റിലൂടെ കടന്നുപോയശേഷം വെള്ളം ഓടയിൽ ഒഴുക്കും. സൗകര്യങ്ങൾക്കൊപ്പം സൗന്ദര്യം കൂടി സംയോജിപ്പിച്ചാണ് നിർമ്മാണം.

സംസ്കാരത്തിന് ഒന്നര മണിക്കൂർ

ഒന്നര മണിക്കൂർ കൊണ്ട് സംസ്കാരം പൂർത്തിയാക്കാനാകും. ദിവസം എട്ടു മൃതദേഹം വരെ ദഹിപ്പിക്കാം. ചിതാഭസ്മം ശേഖരിക്കാനുള്ള സംവിധാനവുമുണ്ട്.
അനുശോചനയോഗത്തിനായി 1500 ചതുരശ്ര അടി വിസ്തീർണത്തിൽ ഹാളും നിർമ്മിക്കും. സെക്യൂരിറ്റി ക്യാബിൻ, ജനറേറ്റർ മുറി, ഗ്യാസ് സ്റ്റോർ എന്നിവ ഉൾക്കൊള്ളുന്ന ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും വരും.