കൽപ്പറ്റ : വല്ലപ്പോഴും മണ്ഡലത്തിൽ വരുന്ന വിരുന്നകാരനാണ് വയനാട് എം.പി യെന്ന് എൽ ഡി എഫ്. സ്‌പോൺസർഷിപ്പിലൂടെ ലഭിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്ന പ്രവർത്തനമല്ല എം.പി നിർവഹിക്കേണ്ടത്. എം.പിയുടെ സാന്നിദ്ധ്യം മണ്ഡലത്തിൽ തീരെ ഇല്ല. പ്രധാനമന്ത്രി ആകാത്തതിനു മണ്ഡലത്തിലെ ജനങ്ങളെ ശിക്ഷിക്കരുതെന്ന് എൽ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
ഔദ്യോഗികമായ കമ്മിറ്റികളിൽ എം.പി പങ്കെടുക്കാറില്ല. സംസ്ഥാന സർക്കാർ വിളിച്ചുചേർക്കുന്ന എം.പിമാരുടെ യോഗത്തിലും വയനാട് എം.പി പങ്കെടുക്കാറില്ല. എം.പിക്ക് ഭരണപരമായ ചുമതലകൾ കേന്ദ്ര സർക്കാരിൽ ഉണ്ടാകുമ്പോൾ മാത്രമേ പകരം ആളെ അയയ്ക്കാൻ അനുവാദമുള്ളൂ. ഇതൊന്നും പാലികാതെ ഔദ്യോഗികമായ യോഗങ്ങളിൽ പ്രതിനിധികളെ അയക്കുന്നത് ശരിയല്ല.
എം.എസ്.ഡി.പി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ യു.ഡി.എഫ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. എം.എസ്.ഡി.പി ഫണ്ടിന് പദ്ധതികൾ ജില്ലാ കലക്ടർ ആണ് നിർദേശിക്കുന്നത്. 60 ശതമാനം കേന്ദ്ര സരക്കാരിന്റെതും 40 ശതമാനം സംസ്ഥാന സർക്കാരിന്റെതുമാണ് പദ്ധതി വിഹിതം. എം.പി ക്ക് ഇതിൽ പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും ഇല്ല. കൽപ്പറ്റ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ അറിവോടെ പുനക്രമീകരിക്കാനാണ് ജില്ലാ കലക്ടർ അറിയിച്ചതെന്ന് പ്രസ്താവനയിൽ പറഞ്ഞു.