നാദാപുരം: കാത്തിരിപ്പിന് വിട, കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയാൽ ഈ അദ്ധ്യായന വർഷം തന്നെ തെരുവൻ പറമ്പിലെ പുതിയ കെട്ടിടത്തിൽ നാദാപുരം ഗവ. കോളേജ് പ്രവർത്തനമാരംഭിക്കും. പുതിയ കെട്ടിടത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ഇ. കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോളേജ് കെട്ടിടത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച 1 കോടി 65 ലക്ഷം രൂപയുടെ കെട്ടിട നിർമ്മാണ പ്രവ്യത്തി അന്തിമ ഘട്ടത്തിലാണ്.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5 കോടി ഉപയോഗിച്ചുള്ള കെട്ടിടം പണി പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ വാണിമേൽ വയൽ പീടികയിലുള്ള താത്ക്കാലിക കെട്ടിടത്തിലാണ് കേളേജ് പ്രവർത്തിക്കുന്നത്.
സയൻസ് വിഷയം ഉൾപ്പെടെ അഞ്ച് ഡിഗ്രി കോഴ്സുകൾ ആണ് കേളേജിന് അനുവദിച്ചിട്ടുള്ളത്. കേളേജ് റോഡിന്റെ നിർമ്മാണം എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തിയാക്കി. കുടിവെള്ളത്തിനായി 48 ലക്ഷം രൂപ ചെലവിൽ കല്ലാച്ചി അത്യോറ കുന്നിലെ വാട്ടർ അതോറിറ്റി ടാങ്കിൽ നിന്നും പ്രത്യേക പൈപ്പ് ലൈനിലൂടെ വെള്ളം എത്തിക്കുന്നതിക്കുന്നതിനുള്ളപ്രവൃത്തി ടെന്റർ ചെയ്തിട്ടുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് കെട്ടിട നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെയുള്ള പുതിയ ബ്ലോക്ക് നിർമ്മാണത്തിന് കിഫ് ബി ഫണ്ടിൽ നിന്ന് പത്ത് കോടി രൂപ അനുവദിച്ച് ടെന്റർ നടപടിയായി.
അവലോകന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പൊതു മരാമത്ത് കെട്ടിടം വിഭാഗംഎക്സിക്യൂട്ടിവ് എഞ്ചിനീയർ കെ.ലേഖ, എക്സിക്യൂട്ടീവ് എഞ്ചീനിയർ റനി പി. മാത്യു, ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ലേഖ പത്മൻ , കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് എൻ.വി. സനിത്ത്, യു.എൽ.സി.സി.എസ് ഡയരക്ടർ കെ.പത്മനാഭൻ, എ.ഇ. മുഹമ്മദ് പുലിക്കടുത്ത് , ഇ.പി. ശരണ്യ എന്നിവർ പങ്കെടുത്തു.