aisha

കോഴിക്കോട്: 'നീറ്റിന്റെ" ആദ്യശ്രമത്തിൽ റാങ്ക് പതിനായിരത്തിന് പുറത്ത്, പക്ഷേ ആത്മവിശ്വാസം ആയിഷയിലെ നിരാശയെ അലിയിച്ചുകളഞ്ഞു. തുടർന്ന് അടുത്ത തവണ ഉയർന്ന റാങ്ക് നേടുമെന്ന വാശി മനസിൽ നട്ടുപിടിപ്പിച്ചു. ആ വാശി ആയിഷയ്‌ക്ക് സമ്മാനിച്ചത് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) 12ാം റാങ്ക്. കൊയിലാണ്ടി, കൊല്ലം പാറപ്പള്ളി റോഡിൽ സുബൈദ മൻസിലിൽ എസ്. ആയിഷ ഒ.ബി.സി വിഭാഗത്തിൽ രണ്ടാം റാങ്കുകാരിയുമാണ്. കേരളത്തിൽ നിന്നുള്ള റാങ്കുകാരുടെ നിരയിൽ ടോപ്പറും.
സാധാരണ കുടുംബത്തിലുള്ള ആയിഷ പ്ലസ് ടു വരെ കേരള സിലബസിൽ പൊതുവിദ്യാലയങ്ങളിലാണ് പഠിച്ചത്. ആത്മവിശ്വാസവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കിൽ ലക്ഷ്യം നേടാമെന്ന് ഈ മിടുക്കി സാക്ഷ്യപ്പെടുത്തുന്നു. ഡൽഹിയിൽ എയിംസിൽ ചേരാനാണ് താത്പര്യം. ഉന്നത പഠനത്തെക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല. ആദ്യം എം.ബി.ബി.എസ് പൂർത്തിയാക്കണം.
പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം തയ്യാറെടുത്തായിരുന്നു കഴിഞ്ഞ വർഷം 'നീറ്റ്" എഴുതിയത്. കിട്ടിയത് 15,481ാം റാങ്ക്. പിന്നെ കോഴിക്കോട്ടെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. പഠനത്തിന് ദിവസവും 16 മണിക്കൂർ വരെ മാറ്റിവച്ചു. പുലർച്ചെ നാലിന് എഴുന്നേറ്റ് തുടങ്ങുന്ന പഠനം രാത്രി 10 വരെയും നീളും. ഇത്തവണ പരീക്ഷ കഴിഞ്ഞപ്പോൾ ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാം സ്ഥാനത്തെത്തുമെന്നൊന്നും വിചാരിച്ചിരുന്നില്ലെന്ന് ആയിഷ പറയുന്നു.

ദുബായിൽ സെയിൽസ് മാനായ അബ്ദുൾ റസാഖിന്റെയും വീട്ടമ്മയായ ഷമീമിന്റെയും രണ്ടാമത്തെ മകളാണ്. ആറാം ക്ലാസ് വരെ വീട്ടിനടുത്തുള്ള ഇലാഹിയ സ്‌കൂളിലായിരുന്നു പഠനം. തുടർന്ന് തിരുവങ്ങൂർ ഗവ. ഹൈസ്‌കൂളിൽ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസോടെ എസ്.എസ്.എൽ.സി പാസായി. പിന്നെ കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് 98.5 ശതമാനം മാർക്കോടെയാണ് പ്ലസ് ടു പൂർത്തിയാക്കി. സഹോദരൻ അഷ്ഫാഖ് കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്. അനിയത്തി ആലിയ കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയും.