കോഴിക്കോട്: കൊവിഡ് ഭീതിയിൽ അടഞ്ഞുപോയ വായനശാലകൾ തുറന്നു, ഇനി അകലം പാലിച്ച് വായനയുടെ ആഴങ്ങളിലേക്കിറങ്ങാം. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അഞ്ചുപേർക്ക് മാത്രമാണ് ഒരേ സമയം പ്രവേശനം.

ലോക്ക് ഡൗണിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചിരുന്നു. എന്നാൽ കൊവിഡ് ഭീതി നാടിനെ വിഴുങ്ങിയതോടെ പുസ്തക വരവ് നിലച്ചു. ഒരു ഇടവേളയ്ക്കുശേഷം ഗ്രാമങ്ങളിൽ കുട്ടികൾക്കായി വീടുകളിൽ പുസ്തകങ്ങളെത്തിക്കുന്ന ഗ്രൂപ്പുകൾ സജീവമായിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പിൽ സ്റ്റോക്കുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ പോസ്റ്റ് ചെയ്യും, വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്നതാണ് രീതി. കൂടാതെ ഓൺലൈനിൽ വിവിധ പരിപാടികളും നടത്തുന്നു. ആഴ്ചയിൽ രണ്ട് പുസ്തകങ്ങൾ വായിച്ച് നിരൂപണം തയ്യാറാക്കുക, ഗ്രന്ഥകാരനെക്കുറിച്ച് കുറിപ്പെഴുതുക, വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കുട്ടികൾ വാട്സ് ആപ്പിൽ അയക്കുക തുടങ്ങി നിരവധി പരിപാടികളാണ് ഓൺലൈനിലൂടെ നടക്കുന്നത്. അതെസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ ഓൺലൈൻ ചർച്ചകൾ മാത്രമാണ് നടക്കുന്നത്.

" വായനശാലകൾക്ക് ഭാഗിക പ്രവർത്തനാനുമതി ലഭിച്ചെങ്കിലും കാര്യങ്ങൾ പൂർവ സ്ഥിതിയിലാകാൻ ഇനിയും സമയമെടുക്കും. വായനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് വിവിധ പരിപാടികൾ നടത്താറുണ്ട്. കുട്ടികളെയും പ്രായമായവരെയും വായനശാലകളിൽ പ്രവേശിപ്പിക്കുന്നില്ല.

പി.എം രസിത

ലൈബ്രേറിയൻ

കൈരളി വായനശാല

" ലോക്ക്ഡൗണിൽ പുസ്തകങ്ങൾ എല്ലാ ആഴ്ചയും വീട്ടിലെത്തുമായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കുറച്ച് കാലം വീട്ടിൽ കൊണ്ടുവരാറില്ല, ഇപ്പോൾ വീണ്ടും പുസ്തകങ്ങൾ എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്'- .

ആര്യ

വിദ്യാർത്ഥി

" വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാറുണ്ട്. ദൂരം കൂടുതലുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തിന് ശേഷമാണ് പുസ്തകം എത്തിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ പുസ്തകം വിതരണം നടത്തുന്നില്ല.

എം.വി അഖിൽ

ഡി. വൈ. എഫ്.ഐ പ്രവർത്തകൻ