കൊടിയത്തൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ ആധിപത്യം വന്നുതുടങ്ങിയിരുന്ന വയലുകളിലേക്ക് നാട്ടിപ്പണിയ്ക്ക് നാടൻപണിക്കാർ വീണ്ടും എത്തിത്തുടങ്ങി.
കൊവിഡ് ലോക്ക് ഡൗണിനു പിറകെ തൊഴിലാളികളിൽ നല്ലൊരു പങ്കും സ്വദേശത്തേക്ക് മടങ്ങിയപ്പോൾ പാടത്തെ പണിയ്ക്ക് ആളെ കിട്ടാനില്ലാത്ത പ്രശ്നം തുടങ്ങിയിരുന്നു. കൊടിയത്തൂർ മേഖലയിൽ ഇപ്പോൾ നാട്ടിപ്പണിയ്ക്ക് നാട്ടിലെ തന്നെ സ്ത്രീകളടക്കം കർഷക തൊഴിലാളികൾ വരുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വർഷമായി കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് കർഷക ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യാപകമായ തോതിൽ നെൽകൃഷിയിറക്കുന്നുണ്ട്. കൃഷിയ്ക്ക് പലിശരഹിത വായ്പകൾ നൽകിയും മറ്റും ഈ മേഖലയിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഉത്പാദിപ്പിക്കുന്ന നെല്ല് റൊക്കം പണം നൽകി ബാങ്ക് സംഭരിക്കുകയാണ്.
ഇത്തവണ കൊവിഡ് കാലത്ത് അന്യസംസ്ഥാന തൊഴിലാളികൾ ആവശ്യത്തിനില്ലെന്നത് ഈ മേഖലയിൽ വെല്ലുവിളിയായിരുന്നു. തൊഴിലാളികൾ പലരും മടങ്ങിയെത്തുന്നുണ്ടെങ്കിലും പൂർണമായ തിരിച്ചുവരവായിട്ടില്ല. ഈ സമയത്താണ് പണ്ട് പഠിച്ച പണി മറന്നു പോകാത്ത ഒരു പറ്റം കർഷക തൊഴിലാളി സ്ത്രീകൾ കൊടിയത്തൂർ ബാങ്കിന്റെ കീഴിലുള്ള ഹരിത ഫാർമേഴ്സ് ക്ലബ്ബിന്റെ പാടത്ത് നാട്ടിപ്പണിയ്ക്കിറങ്ങിയത്. സർക്കാർ പറമ്പ് കോളനിയിലെ കല്ലടയിൽ ലീലയുടെ നേതൃത്വത്തിൽ ഒരു പറ്റം തൊഴിലാളികൾ നാട്ടിപ്പാട്ടിന്റെ വരികൾ താളലയത്തോടെ പാടി കൊടിയത്തൂർ കുയ്യിൽ പാടത്ത് ഞാറു നടുകയായിരുന്നു. കൂടുതൽ കർഷക തൊഴിലാളികൾ ഈ രംഗത്തേക്കിറങ്ങാൻ തയ്യാറാണെന്ന് ക്ലബ്ബ് ഭാരവാഹി അഹമ്മദ്കുട്ടി ഒഴുപാറക്കൽ പറഞ്ഞു.