വെള്ളമുണ്ട: മുൻ വർഷങ്ങളിലെ പ്രളയങ്ങളിൽ വ്യാപകതോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ പ്രദേശത്തുള്ള തൊണ്ടർനാട് കരിങ്കൽ ക്വാറിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകാൻ നീക്കം. ജിയോളജി വിഭാഗം മുമ്പ് നൽകിയ റിപ്പോർട്ടിന് വിരുദ്ധമായി പുതുതായി നൽകിയ റിപ്പോർട്ടിന്റെ മറവിലാണ് അനുമതിക്കായുള്ള നീക്കങ്ങൾ നടക്കുന്നത്.
2018 ലെ പ്രളയത്തിൽ തൊണ്ടർനാട് സെന്റ്‌മേരീസ് ക്വാറിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വൻനാശനഷ്ടങ്ങളാണുണ്ടായത്. നിരവധി വാഹനങ്ങൾ മണ്ണിനടിയിലായതിന് പുറമെ സമീപത്ത് കൂടി ഒഴുകുന്ന തോട്ടിൽ വെള്ളപ്പൊക്കമുണ്ടായി. ഇതേ തുടർന്ന് ക്വാറിയുടെ പ്രവർത്തനം പൂർണ്ണമായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി തടഞ്ഞിരുന്നു.
ഇതിനെതിരെ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വിശദമായ പഠനറിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിലെ ഹസാർഡ് അനലിസ്റ്റിനെ നിയോഗിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ റിപ്പോർട്ടിലും നേരത്തെ വയനാട് ജിയോളജിസ്റ്റ് നൽകിയ റിപ്പോർട്ടിലും ക്വാറി പ്രവർത്തനം തുടർന്നാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാവുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ മണ്ണിടിഞ്ഞത് നേരത്തെ മണ്ണ് ഇടിച്ച് നിക്ഷേപിച്ച ഭാഗത്താണെന്നും ഇത് ഖനനം കാരണമല്ലെന്നും ചില നിബന്ധനകളോടെ പാറഖനനം നടത്താമെന്നുമാണ് പറയുന്നത്.
ഇത് പ്രകാരം നിബന്ധനകളോടെ ക്വാറി പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകാൻ ഡിഡിഎംഎ ചെയർപേഴ്സൺ ജില്ലാകളക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഇത് പ്രകാരം ഗ്രാമ പഞ്ചായത്തിൽ ക്വാറി ഉടമ ലൈസൻസിനായി അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ നേരത്തെ നൽകിയ റിപ്പോർട്ടിന് വിരുദ്ധമായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യാനുണ്ടായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നും എല്ലാ വർഷവും മണ്ണിടിച്ചിൽ ഭീഷണിയെതുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുന്ന പ്രദേശത്ത് ക്വാറി അനുവദിക്കുന്നതിനോട് യോജിപ്പില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് കുര്യാക്കോസ് അറിയിച്ചു.