
കമ്പളക്കാട്: വാടക വീട് കേന്ദ്രീകരിച്ച് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്ന മൂന്നംഗ ക്വട്ടേഷൻ സംഘത്തെ കമ്പളക്കാട് എസ്.ഐ സി. രാംകുമാറും സംഘവും അറസ്റ്റ് ചെയ്തു. കമ്പളക്കാട് ചെറുവനശേരി സി.എ മുഹ്സിൻ (26), എറണാകുളം ആലുവ മാഞ്ഞാലി സ്വദേശികളായ കാഞ്ഞിരപറമ്പിൽ റംഷാദ് (25), തോട്ടുങ്ങൽ വീട്ടിൽ ടി.എ ഫറൂക്ക് (34) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. അഞ്ചംഗ സംഘത്തിലെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പ്രതികൾ മൂവരും കൊലപാതകം, കവർച്ച, പിടിച്ചുപറി മുതലായ വിവിധ കേസുകളിലെ പ്രതികളാണ്. അരിഞ്ചേർമല പള്ളിതാഴെ സ്വകാര്യ വ്യക്തിയുടെ വാടക വീട് കേന്ദ്രീകരിച്ച് കവർച്ച ആസൂത്രണം ചെയ്യവെയാണ് സംഘം പൊലീസിന്റെ വലയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ രാംകുമാർ, അഡി.എസ്.ഐ വി .പി ആന്റണി, എ എസ് ഐ എ യൂസഫ്, എസ്.സി.പി.ഒ മാരായ വി ആർ ദിലീപ് കുമാർ, റിയാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് കവർച്ചക്കായി കരുതിയ കത്തികൾ, ചുറ്റിക, വടികൾ തുടങ്ങിയവ പിടിച്ചെടുത്തു. എറണാകുളം സ്വദേശികളായ പ്രതികൾ ഇരുവരും കൊലപാതക കേസിലടക്കം വിവിധ കേസുകളിലെ പ്രതികളാണ്. നോർത്ത് പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുബാറക്ക് എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളാണിവർ. കമ്പളക്കാട് സ്വദേശിയായ മുഹ്സിനെതിരെ കരിപ്പൂരും, കമ്പളക്കാടും, കൽപ്പറ്റയിലും വിവിധ കേസുകൾ നിലവിലുണ്ട്. മാരകായുധങ്ങൾ കൂടാതെ കളിതോക്കും സംഘം കൈവശം കരുതിയിരുന്നു.