
സുൽത്താൻ ബത്തേരി : പ്രളയവും കൊവിഡും തകർത്തെറിഞ്ഞ കർഷകർക്ക് നേരിയ ആശ്വാസമായി നേന്ത്രക്കായയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന വില കുത്തനെ കുറഞ്ഞതോടെ വാഴകർഷകർ ദുരിതത്തിലായി.
ഓണ സമയത്ത് 38 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും പതിനാല് രൂപയായി കുറഞ്ഞു. അതും ഒന്നാം നമ്പർ കായയ്ക്ക് മാത്രം 14 രൂപ. സെക്കന്റ് ക്വാളിറ്റിക്ക് 12 രൂപയാണ്. കൊവിഡിനെ തുടർന്ന് സാമ്പത്തികമായി തകർന്ന കർഷകർക്ക് ഏക ആശ്വാസമായിരുന്നു വാഴകുലയ്ക്ക് കഴിഞ്ഞ മാസം വരെ ലഭിച്ചുകൊണ്ടിരുന്ന വില.
സാധാരണ പൂജവെയ്പ്പ് സീസണിൽ വാഴ പഴങ്ങൾക്ക് വില വർദ്ധിക്കാറുണ്ട്. ചെറുപഴങ്ങൾക്കാണ് കാര്യമായ ഡിമാന്റ് എങ്കിലും നേന്ത്രക്കായയ്ക്കും ഈ സമയത്ത് നല്ല ചിലവാണ്. എന്നാൽ പൂജവെയ്പ്പിന് ഒരു ആഴ്ചമാത്രം അവശേഷിക്കവെ പച്ചക്കായയ്ക്കുണ്ടായ വിലയിടിവ് വാഴപഴത്തെയും ബാധിച്ചു.
കർഷകർ കടകളിൽ കൊണ്ടുവന്ന് കൊടുക്കുന്ന പച്ചക്കായ കടക്കാർ 20 രൂപ നിരക്കിലാണ് വിൽക്കുന്നത്. നേന്ത്രവാഴ കുലച്ച് പാകമാകുന്നത് വരെ ഒരു വാഴയുടെ മേൽ കർഷകന് ഏകദേശം 80 രൂപയോളം ചെലവ് വരും. ഇപ്പോഴത്തെ വിലയിൽ നേന്ത്രക്കായ നൽകുന്നത് കർഷകർക്ക് കനത്ത നഷ്ടമാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയായി നേന്ത്രക്കുലയുടെ വില കുത്തനെ ഇടിയുകയാണ്. കർണാടകയിലും തമിഴ്നാട്ടിൽ നിന്നുമുള്ള വാഴകുലകൾ ധാരാളമായി കേരളത്തിലേക്ക് എത്തുന്നതാണ് വിലയിടിയാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. മാത്രമല്ല ഇവിടുത്തെ നേന്ത്രക്കായിൽ ചിലതിൽ കല്ല് ഉള്ളതിനാൽ ജില്ലയ്ക്ക് പുറത്ത് കായയ്ക്ക് ഡിമാന്റ് കുറയാനും ഇടയാക്കിയതായി പറയപ്പെടുന്നു.ബാങ്ക് വായ്പകളും മറ്റും എടുത്താണ് മിക്ക കർഷകരും വാഴകൃഷിയിലേക്ക് തിരിഞ്ഞത്. പൂജ സീസൺ മുന്നിൽ കണ്ടാണ് വിളവെടുപ്പിനായി പലരും കൃഷിയിറക്കിയത്. വിലയില്ലാതായതോടെ കർഷകർ പ്രയാസത്തിലായി.