വളയം: ഉമ്മത്തൂർ മുണ്ടത്തോട് പാലത്തിനു മുകൾ ഭാഗത്തായി തോടാൻ, പതിനഞ്ചു മഠത്തിൽ ഭാഗത്തെ പുഴയുടെ തീരം ഇടിയുന്നു. ഇതേ രീതിയിൽ നീങ്ങിയാൽ വൈകാതെ തീരങ്ങളിലെ വീടുകൾ പുഴ കൊണ്ടുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഓരോ കാലവർഷം കഴിയുംതോറും കരയിടിഞ്ഞു കൂടുതൽ ഭാഗങ്ങൾ പുഴയോട് ചേരുകയാണ് .
തീരം കെട്ടി സംരക്ഷിക്കണമെന്ന ഇവരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുകയും കര ഇടിയുന്നതിന്റെ ഗൗരവം ബോധ്യപ്പെടുകയും ചെയ്തതാണ്. പഞ്ചായത്ത് പ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തത് പരിസരവാസികളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.