jamshida
ജംഷിദയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി 'ചങ്ങാതിക്കൊരു കൈത്താങ്ങ് വാട്ട് സാപ്പ് കൂട്ടായ്മ ' പ്രവർത്തകർ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വി.പി.ജോണി ചെയർമാൻ എം.കെ.ശശിയ്ക്ക് കൈമാറുന്നു

കുറ്റ്യാടി: കൊവിഡ് സൃഷ്ടിച്ച ദുരിതത്തിനിടയിലും പ്രിയ സഹപാഠിയുടെ സ്വപ്നങ്ങൾക്ക് വർണ്ണം പകരുകയാണ് ഈ കൂട്ടുകാർ. രണ്ടു വൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ കനിവും കാത്ത് കഴിയുന്ന കായക്കൊടി പരപ്പുമ്മൽ ജംഷിദയുടെ പുതുജീവിതത്തിനായാണ് ഒന്നാം ക്ലാസ്സ് മുതൽ കൂടെ പഠിച്ച കൂട്ടുകാർ കാരുണ്യത്തിന്റെ തണലായത്.

പല വഴിയിലായിരുന്ന കൂട്ടുകാർ ജംഷിദയുടെ രോഗവിവരം അറിഞ്ഞയുടനെ ഒന്നിച്ചു. പണമില്ലാത്തതിനാൽ കൂട്ടുകാരിയുടെ ചികിത്സ മുടങ്ങരുതെന്ന ദൃഢനിശ്ചയത്താൽ

'കൂട്ടുകാരിക്കൊരു കൈത്താങ്ങ് ' എന്ന വാട്ട് സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം കണ്ടെത്താൻ തുടങ്ങി. സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ജംഷിദ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

വൃക്ക മാറ്റിവെക്കുകയല്ലാതെ ജംഷിദയ്ക്ക് സാധാരണ ജീവിതം സാധ്യമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വൃക്ക മാറ്റിവയ്ക്കാനും തുടർ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപ വേണ്ടി വന്നതോടെ നാട്ടുകാരും സഹായിക്കാനൊരുങ്ങുകയായിരുന്നു.

കൂട്ടായ്മ ഭാരവാഹി വി.പി.ജോണി,​ ചികിത്സാ സഹായകമ്മിറ്റി ചെയർമാൻ എം.കെ.ശശി, ഖജാൻജി കെ.കെ.സി. കുഞ്ഞബ്ദുള്ള തുടങ്ങിയവർക്ക് കുട്ടികൾ തുക കൈമാറി. ഭാരവാഹികളായ ഹർഷാദ് കോരങ്കോട്ട്, ടി. സൈനുദ്ദീൻ, ഹനീഫ് കായക്കൊടി, ടി.ടി. മുഹമ്മദ് റാഫി, സി.കെ. ജലീൽ, പി.പി. രഞ്ജിത്ത്, പി.കെ. മിഥുൻ, പി.പി. ലത്തീഫ്,​ എ.പി. റഷാദ് തുടങ്ങിയവർ പങ്കെടുത്തു