കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ കൊയിലാണ്ടി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അഭിമാനകരമായ നേട്ടം. 720 ൽ 710 മാർക്കും നേടി അഖലേന്ത്യാതലത്തിൽ പന്ത്രണ്ടാം റാങ്കും നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയിൽ എസ് അയിഷ കേരളത്തിലെ റാങ്ക് പട്ടികയിൽ ഒന്നാമതാണ്. ഒ.ബി.സി വിഭാഗത്തിൽ അഖലേന്ത്യാതലത്തിൽ രണ്ടാം റാങ്കാണ് ഈ മിടുക്കി കരസ്ഥമാക്കിയത്. ഡൽഹി എയിംസിൽ മെഡിക്കൽ പഠനം നടത്താനാണ് അയിഷയുടെ തീരുമാനം.
നന്തി വീരവഞ്ചേരി വെങ്ങോളി വി രാജന്റെയും സതിയുടെയും മകനായ ആർ.എസ് അഭിനവ് രാജ് അഖലേന്ത്യാതലത്തിൽ 306 റാങ്ക് നേടി മികച്ച വിജയം നേടി. 690 മാർക്കാണ് ലഭിച്ചത്. എയിംസിൽ ചേർന്ന് പഠിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിനവും. കൊല്ലം ചിത്രകത്തിൽ അദ്ധ്യാപകനായ കെ രാജന്റെയും ബീനയുടെയും മകനായ അമൽരാജും 634 മാർക്ക് നേടിയാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. വിജയികളെ അദ്ധ്യാപകരായ പി.കെ സജീഷ്, ആർ.എസ് ദീപ, സ്മിത കോണിൽ, സാജിദ് അഹമ്മദ് എന്നിവർ വീട്ടിലെത്തി അഭിനന്ദിച്ചു