road
ശോച്യാവസ്ഥയിലായ പന്തിരിക്കര ഒറ്റക്കണ്ടം റോഡ്‌

പേരാമ്പ്ര: ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട് മേഖലയിലേക്കുള്ള റോഡിന്റെ റീടാറിങ്ങ് പൂർത്തിയാക്കി ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാട ആവശ്യപ്പെട്ടു. കാടിനെ കുറിച്ചറിയാനും ഭംഗി ആസ്വദിക്കാനുമായി സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്.


കാലവർഷം കനത്തതോടെ കാൽ നടയാത്രക്കു പോലും പറ്റാത്ത വിധം റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ്.പന്തിരിക്കര ഒറ്റക്കണ്ടം റോഡിൽ നഴ്സറി സ്‌ക്കൂൾ, ഹോളി ഫാമിലി യു.പി സ്ക്കൂൾ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ,​ പാലിയേറ്റിവ് കെയർ സെന്റർ, പോസ്റ്റോഫീസ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട് .

എം.എൽ.എ. ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷം രൂപ റോഡ് റീടാറിങ്ങിനായി അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണം തുടങ്ങിയിട്ടില്ല. റോഡിന്റെ നവീകരണ പ്രവൃത്തിയ്ക്കുള്ള അധിക തുക കണ്ടെത്താൻ ബ്ലോക്ക്,​ ജില്ലാപഞ്ചായത്ത് ഭരണാധികാരികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരിക്കുകയാണ്.

ഈ റൂട്ടിൽ ബസ് യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്. പന്തിരിക്കരയിൽ നിന്നും ഒറ്റക്കണ്ടത്തിലേക്കും അവിടെ നിന്ന് പാലേരിയിലേക്കും ചവറം മുഴി ഭാഗത്തേക്കും പോകണമെങ്കിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയാണ് നാട്ടുകാർ.

നേരത്തെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസ് സർവീസും നിറുത്തിയിട്ട് കാലങ്ങളായി. റൂട്ടിലേക്ക് കെ.എസ്.ആർ.ടി സി. സർവീസ് അനുവധിച്ച് യാത്രാ ദുരിതം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.