വടകര : വടകര നഗരസഭക്ക് എന്നും തലവേദനയായിരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ട് ഇനി മുതൽ ഗ്രീൻ പാർക്ക്. പദ്ധതിയുടെ ഭാഗമായി ഗ്രൗണ്ടിൽ വാഴകൃഷിയും പച്ചക്കറികൃഷിയും ആരംഭിച്ചു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ ശവശരീരങ്ങളും മനുഷ്യവിസർജ്യവും കുഴിച്ചുമൂടുന്ന സ്ഥലമായിരുന്നു ഇന്നത്തെ ട്രഞ്ചിങ് ഗ്രൗണ്ട്.
പിന്നീട് ചുറ്റു മതിൽ കെട്ടി വടകര മുനിസിപ്പാലിറ്റിയിലെ സകല മാലിന്യങ്ങളും നിക്ഷേപിക്കുന്ന സ്ഥലമായതോടെ നാട്ടുകാരും ദുരിതത്തിലാകുകയായിരുന്നു.
ദ്രവ മാലിന്യങ്ങൾ ഡ്രെയിനേജ് വഴി മേപ്പയിൽ ഓവ് ചാലിലൂടെ പുതുപ്പണം വരെ എത്തിയതിനെ തുടർന്ന് നിരവധി സമരങ്ങളാണ് ഉണ്ടായത്. മാലിന്യം വളമാക്കാൻ കൊടുങ്ങല്ലൂർ സ്വദേശിയായ കരാറുകാരൻ ഏറ്റെടുത്തെങ്കിലും വിജയിച്ചില്ല. നഗരസഭ നേരിട്ട് തന്നെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പി.വി.സി കോട്ട് ചെയ്ത ഷീറ്റും കയർ ഭൂവസ്ത്രവും ഉപയോഗിച്ച് കേപ്പിംഗ് നടത്തുകയും ചെയ്തു. പക്ഷേ മാലിന്യം പൂർണ്ണമായും നീക്കാൻ കഴിഞ്ഞില്ല.
അവശേഷിക്കുന്ന മാലിന്യം ബയോ മൈനിംഗ് ചെയ്തു അരിച്ചു മാറ്റുന്ന പ്രക്രിയയോടൊപ്പം കൃഷിചെയ്ത് ഗ്രീൻ പാർക്ക് ആക്കി മാറ്റാനാണ് കൗൺസിലിന്റെ തീരുമാനം. ഇതോടൊപ്പം പുറത്തു നിന്ന് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ മതിൽ ഉയർത്തൽ, ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, പച്ചക്കറി കൃഷി, വാഴകൃഷി, പരിപാലനത്തിനായി ഹരിതകർമസേന അംഗങ്ങൾക്ക് ഷെഡ് നിർമ്മാണം, മതിലിൽ മനോഹരമായ ചിത്രങ്ങൾ തുടങ്ങിയവയും സജ്ജീകരിക്കും.
ഹരിയാലി ഹരിതസേന അംഗങ്ങളായ എം.കെ വിജില, ടി.കെ ബീന, ടി. ടി സതി എന്നിവരാണ്
കൃഷിക്ക് നേതൃത്വം നൽകുക. ഗ്രീൻ ടെക്‌നോളജി സെന്റർ കൃഷി വിഭാഗം വിദഗ്ധൻ പി.എം. വത്സലൻ കൃഷിക്കുള്ള സാങ്കേതിക സഹായം നൽകും.
വാഴകൃഷി, പച്ചക്കറി കൃഷി എന്നിവയുടെ നടീൽ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ എ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഇ അരവിന്ദാക്ഷൻ, പി. ഗീത, മണലിൽ മോഹനൻ, എസ്. ആർ. റിജേഷ് എന്നിവർ പ്രസംഗിച്ചു.