
കോഴിക്കോട് : ജില്ലയിൽ ഇതുവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത് അഞ്ചു ലക്ഷത്തിലേറെ പേരെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7. 42 ശതമാനമാണ്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ആളുകളുടെ സമ്പർക്കപശ്ചാത്തലം മനസ്സിലാക്കി പരിശോധനയുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, ആർ.ആർ.ടി അംഗങ്ങൾ, ഹെൽത്ത് വളണ്ടിയേഴ്‌സ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് കൊവിഡ് പരിശോധനയിൽ നടക്കുന്നത്.
രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ സമ്പർക്ക മേഖലകളിൽ കാലതാമസം വരുത്താതെ പരിശോധന നടത്തുന്നുണ്ട്. പരിശോധനാ റിപ്പോർട്ട് ലഭ്യമായ ഉടൻ തന്നെ കണ്ടെയ്ൻമെന്റ് സോണുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും അതാത് തദ്ദേശസ്ഥാപനങ്ങൾ കൊവിഡ് ജാഗ്രത പോർട്ടലിലുടെ നിർദ്ദേശിക്കുന്നു.
കണ്ടെയ്‌ൻമെന്റ് സോണുകളിൽ പോലും നിർദ്ദേശിക്കപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പൊതു സമൂഹം വീഴ്ച വരുത്തുന്നതാണ് രോഗവ്യാപനം കൂടുന്നതിന് സാഹചര്യമൊരുക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ. സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ മരണ സംഖ്യ കൂടാതിരിക്കാനുള്ള കനത്ത ജാഗ്രതയിലാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ.
ക്ലസ്റ്ററുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, മത്സ്യമാർക്കറ്റ്, ഹാർബറുകൾ, പാളയം, തീരദേശ മേഖലയിലെ വാർഡുകൾ, പൊതുജനസമ്പർക്കമുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളാണ് കൂടുതൽ പരിശോധന നടത്തി വരുന്നത്.
ഇന്നലെ 7,331 സ്രവസാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരേ അയച്ചതിൽ 5,02,370 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 4,66,023 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 814 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമാണ്. 37,323 പേർക്കാണ് ജില്ലയിൽ ഇതുവരേ കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 110 മരണം.
ഒക്ടോബർ 18 വരെ നടത്തിയ ടെസ്റ്റ് : 5,03,184
25 ദിവസത്തിനകം പൂർത്തിയാക്കിയത്: 2 ലക്ഷം
സർക്കാർ സംവിധാനത്തിൽ ആന്റിജൻ ടെസ്റ്റ് : 2,42,954
ആർ.ടി.പി.സി.ആർ പരിശോധന: 104286
ട്രൂനാറ്റ് പരിശോധന: 18,386
ആന്റിബോഡി പരിശോധന: 660
സ്വകാര്യ ലാബുകളിലെ പരിശോധന: 1,36,570