കോഴിക്കോട്: നൂറ്റാണ്ടുകളോളം തിരുനാവായ മണൽപുറത്ത് അരങ്ങേറിയ മാമാങ്ക മഹോത്സവത്തിന്റെ ചരിത്രവും സാമൂഹിക പശ്ചാത്തലവുമെല്ലാം ഈ ഡോക്യുഫിലിമിൽ ഇതൾ വിരിയുകയുകയാണ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ എം.എ ചരിത്ര വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി ഒരുക്കിയെടുത്ത മാമാങ്കം വീഡിയോ ഡോക്യുമെന്ററി ശ്രദ്ധേയമായിക്കഴിഞ്ഞു.

മാമാങ്കത്തിന്റെ ഉത്ഭവം മുതൽ അവസാനം വരെയുള്ള ചരിത്ര സംഭവങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി. വസിഷ്ഠിന്റെ മേൽനോട്ടത്തിലായിരുന്നു ഡോക്യുമെന്ററി നിർമ്മാണം. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആതിര, നിമിഷ, അശ്വതി, റിഞ്ചു, മുഹ്‌സിന, ശില്പ, ജിനിഷ, പത്മജിത്ത്, യാഷിൻ എന്നിവരാണ് മാമാങ്കത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ വിശദീകരിച്ച് സ്ക്രീനിലെത്തുന്നത്.