
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിയെ ക്ഷണിച്ചുവരുത്തിയതാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി അന്വേഷണം എങ്ങനെയും അട്ടിമറിക്കാനാണ് ഇപ്പോൾ നോക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവശങ്കറിന്റെ അസുഖ നാടകമടക്കം തിരക്കഥയുടെ ഭാഗമാണ്. ഡോളർ കടത്തിയതിലും ശിവശങ്കറിന് പങ്കുണ്ടെന്ന് വസ്തുതാപരമായി തെളിഞ്ഞതോടെ പിണറായി വിജയൻ പല വഴികളിലൂടെയും അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയാണ്.
ലൈഫ് പദ്ധതി തട്ടിപ്പ് സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നിലപാടെടുത്തതും തീരാത്ത ഭയം കൊണ്ടാണ്. ബംഗാളിൽ മമത ചെയ്യുന്നതുപോലെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് പിണറായിയും കേന്ദ്ര അന്വേഷണത്തിനു തുരങ്കം വയ്ക്കുകയാണ്. എല്ലാം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം പറയുന്നത് അപഹാസ്യമാണ്. സ്വർണക്കടത്ത് കേസിലും ലൈഫ് തട്ടിപ്പിലും എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് സി.പി.എം വ്യക്തമാക്കണം.
വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥും സംബന്ധിച്ചു.