
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.ബി.ഐ ക്കെതിരെ കോടതിയെ സമീപിച്ചതിന് കാരണവും മറ്റൊന്നല്ല.
ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന വ്യക്തി ഡോളർ കടത്താനും പ്രതികളെ സഹായിക്കാനും ഒരുങ്ങിയെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല.ആറിലേറെ തവണ സ്വപ്ന മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. എന്നാൽ, പ്രതികളുടെ മൊഴി പുറത്തുവന്ന ശേഷമാണ് ഇക്കാര്യം മുഖ്യമന്ത്രി സമ്മതിക്കുന്നത്.
കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ മരിച്ചത് അനാസ്ഥ മൂലമാണെന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ട്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പാളിയെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം കേരളത്തിന് നാണക്കേടാണ്. ഐ.എം.എയുടെ അഭിപ്രായങ്ങൾ പോലും സർക്കാർ അവഗണിക്കുകയായിരുന്നു.