പേരാമ്പ്ര: ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ കൊവിഡ് സമ്പർക്ക കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പേരാമ്പ്ര ടൗൺ 5 ദിവസത്തേക്ക് അടച്ചു. പഴയ പെട്രോൾ പമ്പ് മുതൽ ലാസ്റ്റ് കല്ലോട് വരെയും, പേരാമ്പ്ര പയ്യോളി റോഡിൽ കോടതി റോഡ് ജംഗ്ഷൻ വരെയും, ചെമ്പ്ര റോഡിൽ ഇ.എം.എസ് ആശുപത്രി വരെയും, പേരാമ്പ്ര ചേനോളി റോഡിൽ ദയ പെയ്ൻ ആൻഡ് പാലിയേറ്റീവിന് മുൻവശം വരെയും, പൈതോത്ത് റോഡിൽ ബൈപാസ് റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ സ്ഥാപനങ്ങളൾ പൂർണ്ണമായും അടച്ചിടും.

ആശുപത്രികൾ, മെഡിക്കൽ ഷാപ്പുകൾ, ലാബുകൾ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവ പ്രവർത്തിക്കുന്നതാണ്. പരിസര പഞ്ചായത്തുകളായ കൂത്താളി ,ചങ്ങരോത്ത്, കൂരാച്ചുണ്ട് എന്നിവിടങ്ങളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. പഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഉച്ചക്ക് 2 വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂ.

കൂത്താളി, മൂരികുത്തി അങ്ങാടികൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കാനും ജില്ല കളക്ടറോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതൽ പരിശോധനകൾ കർശനമാക്കും. ചങ്ങരോത്ത് പഞ്ചായത്തിലെ ഗോപുരത്തിൽ ഇടം അംഗൻവാടിയിൽ കഴിഞ്ഞ ദിവസം 187 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിൽ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .ഇതിൽ 32 പേർ ചങ്ങരോത്ത് പഞ്ചായത്തിലുള്ളവരും രണ്ട് പേർ കൂത്താളി പഞ്ചായത്തിലുള്ളവരുമാണ്. ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ കൂത്താളി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബാരോഗ്യ കേന്ദ്രം ഇന്നലെ അടച്ചിട്ട് അണുവിമുക്തമാക്കി. ഇന്ന് തുറന്ന് പ്രവർത്തിക്കും .