കോഴിക്കോട്: മാലിന്യ സംസ്കരണരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ജൈവ-അജൈവ മാലിന്യ പരിപാലനത്തിന് വിവിധങ്ങളായ പദ്ധതികളാണ് പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ വീടുകളിലും കമ്പോസ്റ്റ് പിറ്റുകളും, സോക്ക് പിറ്റ്കളും സ്ഥാപിക്കുന്ന പ്രവർത്തനം പൂർത്തിയായി വരികയാണ്. ആദ്യഘട്ടത്തിൽ പൂർത്തികരിച്ച കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റുകളുടെ വാർഡ് തല ഉദ്ഘാടനം ഏഴാം വാർഡ് പാലഞ്ചേരി പട്ടികജാതി കോളനിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജിത നിർവഹിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി കെ.ശ്രീജ, വാർഡ് വികസന സമിതി അംഗം ശശിധരൻ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എൻജിനീയർ മജ്നാസ്, ഹരിത കേരളം ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺ എ.രാജേഷ്, യംഗ് പ്രൊഫഷണൽ കെ.വി അജിത്ത്, കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി എം.ഗീത, സി.ഡി.എസ് മെമ്പർ ഷൈനി, ബീന തൊഴിലുറപ്പ് തൊഴിലാളികളായ ലീല, മിനി, ഷിജ എന്നിവർ പങ്കെടുത്തു.
സാമൂഹിക തലത്തിൽ അജൈവ മാലിന്യ ശേഖരണത്തിനായി മിനി എം.സി.എഫുകൾ സ്ഥാപിക്കുന്ന പ്രവർത്തനം നടന്നുവരികയാണ്. 12 വാർഡുകളിൽ സ്ഥാപിച്ചു കഴിഞ്ഞു. കമ്മ്യൂണിറ്റി തലത്തിൽ തുമ്പൂർമുഴി മോഡൽ സ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. തുടക്കം എന്ന നിലയിൽ പഞ്ചായത്തിനോട് ചേർന്നുള്ള യൂണിറ്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി നേടിയ ഗ്രാമപഞ്ചായത്തുകളിലൊന്നാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത്. ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവരുടെ സഹകരണത്തോടെ സമ്പൂർണ ശുചിത്വ പദവി നേടാനുള്ള ശ്രമത്തിലാണ്.