lockel
ഫറോക്ക് നഗരത്തിലെ റെയിൽവേ വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ നിലയിൽ

ഫറോക്ക്: ഫറോക്ക് നഗരമദ്ധ്യത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് ജനത്തിന് തീരാദുരിതമായി. റെയിൽവേ കവാടത്തിനും സി.ഡി.എ കെട്ടിടത്തിനുമിടയിൽ ഹാൻടെക്സ് വില്പനശാലയുടെ സമീപത്തെ റെയിൽവേ സ്ഥലമാണ് നഗരത്തിനു നാണക്കേടുണ്ടാക്കുന്നത്. റെയിൽവേ വളപ്പിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തിന് ചുവട്ടിലാണ് ചപ്പുചവറുകൾ കുമിഞ്ഞുകൂടുന്നത്. മാലിന്യം നിറഞ്ഞ് റെയിൽവേയുടെ അതിർത്തി തിരിക്കുന്ന കമ്പിവേലി പൊളിഞ്ഞ് നടപ്പാതയിലേക്ക് തള്ളി നിൽക്കുകയാണ്. ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർ തയ്യാറാകാത്തതിനാൽ സി.ഡി.എ കെട്ടിടത്തിലേക്കും റോഡിലേക്കും പടർന്ന് നിൽക്കുകയാണ്. അരയാലിന്റെ കേടുബാധിച്ച ശിഖരങ്ങൾ മുറിച്ചുമാറ്റി തറ കെട്ടി മോടിപിടിപ്പിച്ചാൽ ഇവിടെ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നഗരസഭ ശുചിത്വത്തിന് മുഖ്യ പരിഗണന നൽകുമ്പോഴാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നത്. റെയിൽവേ പരിസരം മാലിന്യ മുക്തമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

'ഫറോക്ക് നഗരത്തിലെ മാലിന്യപ്രശ്നം നഗരസഭ ഗൗരവപൂർവം പരിശോധിക്കും. ഉചിതമായ നടപടിയുണ്ടാകും.'-

കെ കമറു ലൈല, ചെയർപേഴ്സൺ