
 ഇതുവരെ പോസിറ്റീവായത് 37,323 പേർ
 സമ്പർക്കത്തിലൂടെ രോഗബാധ 87 %
 ഇപ്പോൾ ചികിത്സയിലുള്ളത് 10,836 പേർ
 ആകെ നടത്തിയ ടെസ്റ്റ് 5 ലക്ഷത്തിലേറെ
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ വകവെക്കാതെ ആളുകൾ കൂട്ടം കൂടുന്നതും ആഘോഷങ്ങൾക്കു മുതിരുന്നതും പ്രതിരോധരംഗത്ത് ഉയർത്തുന്നത് വൻവെല്ലുവിളി. സമ്പർക്കവ്യാപനത്തിനെതിരെ കരുതലോടെ നീങ്ങിയില്ലെങ്കിൽ വിളിച്ചുവരുത്തുന്നത് വലിയ ദുരന്തമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ പ്രവർത്തകർ.
പ്രാഥമിക സമ്പർക്ക പട്ടികയിലുൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ കഴിയാൻ മടിക്കുന്നത് സമ്പർക്കവ്യാപന നിരക്ക് വർദ്ധിക്കാനിടയാക്കുന്നു. ജാഗ്രത കൈവിട്ടുള്ള ഇടപെടലുകളും രോഗവ്യാപനത്തിന് ഇടയാക്കുന്നു.
ഇതിനകം ജില്ലയിൽ കൊവിഡ് ബാധിതരായവരിൽ 87 ശതമാനം പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെയാണെന്ന് ജില്ലാ കൊവിഡ് കൺട്രോൾ സെൽ ചൂണ്ടിക്കാട്ടുന്നു. ആറ് ശതമാനം പേരുടെ ഉറവിടം വ്യക്തമല്ല. സർക്കാരും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിരന്തരം നൽകുന്ന നിർദ്ദേശങ്ങളോട് മുഖം തിരിക്കുന്നവർ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാൻ കാരണക്കാരാവുകയാണെന്ന വിലയിരുത്തലാണ് അധികൃതരുടേത്. 13. 5 ശതമാനമുണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഒരാഴ്ചയ്ക്കിടെ 17. 6 ശതമാനം വരെയെത്താൻ ഇതു കാരണമായി. ജില്ലയിൽ ഇതുവരെ 37, 323 പേരാണ് കൊവിഡ് പോസിറ്റീവായത്. വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി നിലവിൽ ചികിത്സയിൽ കഴിയുന്നത് 10,836 പേരാണ്.
രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചവരിൽ 98 ശതമാനം പേരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. തൊഴിലില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നവരെ മുന്നിൽ കണ്ട് സർക്കാർ അനുവദിച്ച ഇളവുകൾ പലരും ദുരുപയോഗം ചെയ്യുന്നത് രോഗവ്യാപനത്തിന് ആക്കം കൂട്ടുകയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേർന്ന് നടത്തുന്ന ആഘോഷങ്ങളും പരിപാടികളും വഴി തുറക്കുന്നത് ദുരന്തം വിതയ്ക്കാവുന്ന സമ്പർക്ക വ്യാപനത്തിലേക്കാണ്.
ചെറിയ രോഗലക്ഷണങ്ങളുള്ള കാറ്റഗറി ബി വിഭാഗത്തിൽ ഒരു ദിവസം ശരാശരി 128 പേരാണ് നിരീക്ഷണത്തിലാകുന്നത്. രോഗബാധിതർ കൂടുമ്പോൾ പരിശോധനകളുടെ എണ്ണവും ഉയർത്തേണ്ടതായി വരുന്നു. അഞ്ച് ലക്ഷത്തിലധികം പരിശോധനകളാണ് ജില്ലയിൽ ഇതുവരെ നടത്തിയത്.
മരണം 110
കൊവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ 110 പേരാണ് മരിച്ചത്. ഇതിൽ 75 ശതമാനം പേരും 65 ന് മുകളിൽ പ്രായമുള്ളവരാണ്. മറ്റു ഗുരുതര രോഗങ്ങളുള്ള, 60 ന് മുകളിൽ പ്രായമുള്ളവരിലെ മരണനിരക്ക് 8 ശതമാനമാണ്.