പയ്യോളി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്‌ച്ചക്കാലം കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന നഗരസഭാതല ആർ.ആർ.ടി.യോഗം തീരുമാനിച്ചു.

പയ്യോളി ടൗണിൽ ഹോട്ടലുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും 3 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ ഷോപ്പുകൾക്ക് 7 വരെ പ്രവർത്തിക്കാം. പയ്യോളി ടൗൺ കേന്ദ്രീകരിച്ച് തെക്ക് പൊലീസ് സ്റ്റേഷൻ വരെയും, വടക്ക് തീർത്ഥ ഹോട്ടൽ വരെയും, പടിഞ്ഞാറ് പഴയ അക്ഷര കോളേജ് വരെയും കിഴക്ക് തയ്യിൽ കൊളാരി ഭാഗം വരെയുമാണ് നിയന്ത്രണങ്ങൾ കർശമാക്കുക.

സാനിറ്റൈസറും, രജിസ്ട്രറും സൂക്ഷിക്കാത്തതും,കൊവിഡ് മാനദണ്ഡം പാലിക്കാതെ ആളുകളെ പ്രവേശിപ്പിക്കുന്നതുമായ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

സ്പെഷൽ എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമാരുടെ പരിശോധന കർശനമാക്കും.

ഓട്ടോ സ്റ്റാന്റുകളിൽ പരിശോധന കർശനമാക്കും. വഴിവാണിഭക്കാർ നിർബന്ധമായും സാനിറ്റൈസറും, രജിസ്ട്രറും സൂക്ഷിക്കണം.

നഗരസഭ ചെയർപേഴ്സൺ വി.ടി ഉഷയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ കെ.വി ചന്ദ്രൻ, സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ, സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാർ, നഗരസഭ ആരോഗ്യ വിഭാഗം എന്നിവർ പങ്കെടുത്തു.