കൽപ്പറ്റ: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. രോഗത്തെ നേരിടുന്ന കാര്യത്തിൽ ജില്ലാ ഭരണസംവിധാനം പൊതുവെ സ്വീകരിക്കുന്ന ശക്തമായ നടപടികളിലും ആദിവാസി ഗോത്രവർഗ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവർത്തനങ്ങളിലും എം.പി സംതൃപ്തി രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് കൽപ്പറ്റയിലെത്തിയ രാഹുൽഗാന്ധി ഇന്നലെ രാവിലെ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക തുടങ്ങിയ ഉദ്യോഗസ്ഥരുമായി കലക്ടറുടെ ചേംബറിൽ ചർച്ച നടത്തി.
കൊവിഡുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും സ്വീകരിച്ചു വരുന്ന നടപടികളും ജില്ലാ കലക്ടറും ഡി.എം.ഒയും മറ്റ് ഉദ്യോഗസ്ഥരും വിശദീകരിച്ചു. രോഗവ്യാപനം ഇനിയും വർധിക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ദീർഘകാലത്തേക്കുള്ള പ്രവർത്തനങ്ങൾ ഇനിയും വേണ്ടി വരുമെന്ന് എം.പി പറഞ്ഞു. സംസ്ഥാനത്ത് പൊതുവിൽ ജങ്ങളുടെ മികച്ച സഹകരണവും ഭരണ സംവിധാനത്തിന്റെയും ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി വർക്കർമാർ തുടങ്ങിയവരുടെ സജീവ ഇടപെടലുകളും പ്രശംസനീയമാണ്. ഇക്കാര്യത്തിൽ തന്റെ എല്ലാ പിന്തുണയും എം.പി ഉറപ്പു നൽകി.
കൂടിക്കാഴ്ചയിൽ കെ.സി.വേണുഗോപാൽ എം.പി, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ജി.പൂങ്കുഴലി, എ.ഡി.എം കെ.അജീഷ്, ഡെപ്യൂട്ടി കലക്ടർ എൻ.ഐ.ഷാജു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ കെ.സി ചെറിയാൻ, കൊവിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ.കെ.ചന്ദ്രശേഖരൻ, ജില്ലാ സർവെലൻസ് ഓഫീസർ ഡോ. സൗമ്യ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രങ്ങൾ)