ayu
പന്നിക്കോട്ടൂർ സർക്കാർ ആയുർവ്വേദ ആശുപത്രിക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവ്വഹിക്കുന്നു

നരിക്കുനി: കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ സാധാരണക്കാർ കിടത്തി ചികിത്സയ്ക്കായി ആശ്രയിക്കുന്ന പന്നിക്കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയെ 30 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തണമെന്ന് എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടു. പന്നിക്കോട്ടൂർ ആയുർവേദ ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


മുൻ എം.എൽ.എ വി.എം.ഉമ്മർ മാസ്റ്റർ അനുവദിച്ചിരുന്ന 25ലക്ഷം രൂപയും എം.കെ.രാഘവൻ എം.പിയുടെ 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 14 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കാരാട്ട് റസാഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.അബ്ദുൽ ജബ്ബാർ മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺമാരായ സി.വസന്തകുമാരി, സി.വേണുഗോപാൽ, ആമിന ടീച്ചർ, ജില്ലാ പഞ്ചായത്തംഗം ഷക്കീല ടീച്ചർ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ഇല്ല്യാസ്, ഫസൽ പാലങ്ങാട്, ഫൗസിയ റഹ്മാൻ, നിഷ ചന്ദ്രൻ, മറിയക്കുട്ടി, ബീന കളരിക്കൽ, വാർഡ് വികസന സമിതി കൺവീനർ റഷീദ്.ബി.സി, അശ്രഫ്.പി.ടി, ബിജു.എ.സി, സലീംമാസ്റ്റർ, രാധാകൃഷ്ണൻ.എ.സി, ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.കെ.വി.ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.കെ.വബിത സ്വാഗതവും കെ.കെ. ബഷീർ നന്ദിയും പറഞ്ഞു.