കുട്ടിയായിരുന്നപ്പോൾ കർഷകനായ മുത്തച്ഛനൊപ്പം പാടത്തും പറമ്പിലും കുട്ടിക്കർഷകനായി കൂട്ടുകൂടുക ഫൈസലിന് ഇഷ്ടമായിരുന്നു. വിത്ത് പാകുന്നതും വിള കൊയ്യുന്നതുമെല്ലാം കൗതുകത്തോടെ കണ്ടറിഞ്ഞു. വളർന്നപ്പോൾ ജീവിക്കാൻ പലവഴികളിലൂടെ സഞ്ചരിച്ചെങ്കിലും മനസിലെ മണ്ണിന്റെ മണം ഫൈസലിനെ കൃഷിയിലേക്ക് കൂടുതൽ അടുപ്പിച്ചു. പക്ഷെ, കൃഷിയിലൂടെ ജീവിതം പടുക്കുക പ്രയാസമായതിനാൽ പതിയെ ബിസിനസിലേക്ക് കുറച്ചുകാലം പ്രവാസിയുമായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരന്റെ കൂൾബാറിൽ സഹായിയായി നിന്നതിന്റെ അനുഭവുമായാണ് ബിസിനസിലേക്ക് തിരിയുന്നത്. വലിയ ബിസിനസ് മാൻ ആയെങ്കിലും കൃഷിയെ വിട്ടുകളയാൻ മനസുവന്നില്ല. നെൽകൃഷി, താറാവ് വളർത്തൽ, മുയൽ വളർത്തൽ, മത്സ്യകൃഷി, ആട് വളർത്തൽ, തേനീച്ച വളർത്തൽ തുടങ്ങി എല്ലാത്തിലും ഫൈസൽ വിജയം കൊയ്തു. എന്നാൽ കഴിഞ്ഞ പ്രളയത്തോടെ താറാവ് കൃഷിയിൽ മാത്രമായി ശ്രദ്ധ.
'ഫൈസൽ ബ്രാൻഡ് " ബിരിയാണി അരി
ഫൈസലിന്റെ ബിരിയാണി അരി കൃഷി പ്രശസ്തമാണ്. മൂന്ന് വർഷം മുമ്പാണ് കൃഷി തുടങ്ങുന്നത്. കൂട്ടത്തിൽ പച്ചയരിയും ചുവന്ന അരിയും കൃഷി ചെയ്തു. ഇടവേള കൃഷിയായി ഉഴുന്നും. ബിരിയാണി അരി ഉത്പാദിപ്പിക്കുന്ന കോഴിക്കോട്ടെ ചുരുക്കം കർഷകരിലൊരാളാണ് ഫൈസൽ. 50 സെന്റ് സ്ഥലത്താണ് ബിരിയാണി അരി ഉത്പാദിപ്പിക്കുന്നത്. പൂജാഗോൾഡ് വിത്താണ് ഉപയോഗിക്കുന്നത്. നാട്ടിന് പുറങ്ങളിലാണ് വിപണനം. മറ്റ് അരിയുമായി താരതമ്യം ചെയ്യുമ്പോൾ ബിരിയാണി കൃഷി ലാഭകരമാണെന്ന് ഫൈസൽ പറയുന്നു.
വിത്ത് വിതച്ച് മൂന്ന് മാസം കൊണ്ട് വിള കൊയ്യാം. ഒരു വർഷത്തിൽ ഏതാണ്ട് 2500 കിലോ അരി ലഭിക്കും. ബിരിയാണി അരി പഴക്കം ചെല്ലുന്തോറും രുചി കൂടും. കൃഷി ഭവനിൽ നിന്ന് ചുവന്ന അരിയുടെ വിത്ത് കിട്ടും. നെൽകൃഷി വിളവെടുപ്പ് ഒരേ സമയത്താണ് നടത്തുക. ബിരിയാണി അരിയ്ക്കും വിത്തിനും ആവശ്യക്കാർ ഏറെയാണ്. മത്സ്യകൃഷിയിലും വിജയം നേടാൻ കഴിഞ്ഞു. രണ്ട് കുളത്തിലായാണ് മത്സ്യകൃഷി. വിളവെടുപ്പ് ദിവസം തന്നെ മുഴുവൻ മീനും വിറ്റുപോകും. കുന്ദമംഗലം ബ്ളോക്കിന്റെ സമിശ്ര കർഷക അവാർഡിന് അർഹനായിട്ടുണ്ട് ഈ യുവ കർഷകൻ. മുത്തച്ഛൻ കോയക്കുട്ടി ഹാജി മാവൂരിലെ പേരുകേട്ട കർഷകനായിരുന്നു. ഫൈസൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. ഫൈസലിനെ കൃഷിയിലേക്ക് കൈപിടിച്ച് നടത്തിച്ചത് മുത്തച്ഛനായിരുന്നു.കൃഷിയിൽ നിന്ന് കാര്യമായ വരുമാനമൊന്നും വരാതിരുന്നപ്പോൾ സൗദിയിലേക്ക് പോയി. നാട്ടിൽ തിരിച്ചെത്തിയാണ് കോലാർ ഗോൾഡ് ആരംഭിക്കുന്നത്. പിന്നീട് മാവൂരിൽ സനാന ഹോം അപ്ലയൻസ് ഷോപ്പും തുടങ്ങി.
@ മാവൂരിന്റെ പ്രതാപം തിരിച്ചു പിടിക്കണം
1980കളിൽ മാവൂർ പ്രദേശം ഒരു ബിസിനസ് 'സാമ്രാജ്യ'മായിരുന്നു. ക്രമേണ ക്ഷയിച്ചു. മാവൂരിന്റെ പ്രതാപ കാലം വീണ്ടെടുക്കാനായി രൂപം കൊണ്ടതാണ് മാവൂർ മർച്ചന്റ് അസോസിയേഷൻ. വിവിധങ്ങളായ പദ്ധതികളാണ് അസോസിയേഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. മാവൂരിൽ സാധനങ്ങൾക്ക് വിലക്കുറവാണ്. പക്ഷെ, ആളുകൾ വരാൻ മടിക്കുകയാണ്. മാവൂർ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ഫൈസൽ. അസോസിയേഷന്റെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തനവും നടത്താറുണ്ട്. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണമായി തകർന്ന കുടുംബത്തിന് ലോക്ക് ഡൗൺ കാലത്ത് വീട് നിർമ്മിച്ച് നൽകി.
@ തുല്യതയിലൂടെ വിദ്യാഭ്യാസ വിജയം
ബിസിനസിലും കൃഷിയിലും ചെറുപ്പംതൊട്ടേ നേട്ടങ്ങൾ പലത് കൊയ്തെങ്കിലും വിദ്യാഭ്യാസപരമായി പിന്നോട്ടായതിന്റെ സങ്കടം മറികടന്നത് 41ാം വയസിലാണ്. തുല്യതാ പഠനത്തിലൂടെ പ്ലസ് ടു വിജയിച്ചു.
@ സ്വപ്ന പദ്ധതികൾ
സനാന ഷോപ്പിന് സമീപം ഒരു സൂപ്പർ മാർക്കറ്റ്, ഹോം അപ്ലയൻസ് സ്റ്റോർ തുടങ്ങാൻ പദ്ധതിയുണ്ട്.
@ കുടുംബം
ഭാര്യ: സാബിറ. മക്കൾ: മുഫീദ, അഹമ്മദ് മുനീസ്, അഹമ്മദ് മിഥിലജ, നൂറാ.