
കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ തളർന്ന കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ കൂടിയായതോടെ തലപ്പെരുക്കം കൂടി. കൊവിഡിന്റെ അടച്ചിടൽ ഒഴിവാക്കാൻ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ തുടക്കത്തിൽ കുട്ടികൾ വലിയ ആവേശത്തിലായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ ക്ലാസുകൾ കാണുന്നത് കുറഞ്ഞു, ഗൃഹപാഠങ്ങൾ ചെയ്യുന്നത് പേരിനുമാത്രവുമായി.ഇതിനിടെ ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ഓൺലൈൻ ട്യൂഷനുകൾ സജീവമായതാണ് കുട്ടികളെ വട്ടം കറക്കുന്നത്. ഓൺലൈൻ ക്ലാസുകൾ ഒന്നോ രണ്ടോ മണിക്കൂറിൽ തീരുമെങ്കിലും ട്യൂഷൻ ക്ലാസുകൾ മണിക്കൂറുകൾ നീളുന്നതാണ് കുട്ടികളെ തളർത്തുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ട്യൂഷന്റെ പ്രധാന ഇരകൾ. ഒരു മണിക്കൂർ ക്ലാസ് നേരെ ട്യൂഷൻ ക്ലാസ്, അതാണ് അവസ്ഥ. മിക്ക ട്യൂഷൻ ക്ലാസുകളും ഓഡിയോ രൂപത്തിലാക്കി വാട്സ്ആപ്പിലൂടെ അയച്ചുകൊടുക്കുകയാണ്. ഇത് കേട്ട് മനസിലാക്കിയെടുക്കുമ്പോഴേക്കും തളർന്നുപോകുമെന്ന് കുട്ടികൾ പറയുന്നു.ഇവ നോട്ടുകളിലേക്ക് എഴുതുകയും വേണം.ഓൺലൈൻ ക്ലാസുകൾ പകൽ സമയമായതിനാൽ ട്യൂഷൻ ക്ലാസുകൾ മിക്കതും രാത്രിയിലാണ്. നഗരത്തിൽ പ്രവർത്തിക്കുന്ന ചില ട്യൂഷൻ സെന്ററുകളിൽ രാത്രി 11 മണിവരെ ക്ലാസ് തുടരുന്നുണ്ട്. പത്തും പ്ലസ്ടുവും അല്ലേയെന്നു കരുതി രക്ഷിതാക്കളും മൗനത്തിലാണ്. ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിലെ മണിക്കൂറുകൾ നീളുന്ന ഇരിപ്പ് പലവിധ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളിലുണ്ടാക്കുന്നത്. പല കുട്ടികളും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. കുട്ടികളുടെ സാഹചര്യം മനസിലാക്കി ക്ലാസ് മുറികളിൽ പ്രയോഗിക്കുന്ന തന്ത്രങ്ങൾ ഓൺലൈനിൽ നടക്കില്ലെന്ന് അദ്ധ്യാപകരും പറയുന്നു. ട്യൂഷൻ ക്ലാസുകൾക്ക് പുറമെ കലാകായിക ക്ലാസുകളും ഓൺലൈനിൽ സജീവമായിട്ടുണ്ട്. പരീക്ഷകൾ ഓൺലൈനിൽ നടക്കുന്നുണ്ടെങ്കിലും കുട്ടികൾ ഗൗരവത്തോടെ എടുക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.
"കുട്ടികളുടെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. എല്ലാ ആഴ്ചയിലും പി.ടി.എ മീറ്റിംഗ് നടത്തും.കുട്ടികൾക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസുകൾ എടുക്കുന്നത്. പല കുട്ടികളും ക്ലാസിൽ കയറാതെ ട്യൂഷൻ ക്ലാസുകളെ ആശ്രയിക്കുന്നുണ്ട്. -" തൻവീറ, അദ്ധ്യാപിക
" സ്കൂളിലെ ക്ലാസുകൾ ഒരുമണിക്കൂർ മാത്രമാണ്. പക്ഷേ ട്യൂഷൻ ക്ലാസുകൾ മണിക്കൂറുകൾ നീളും. ക്ലാസുകൾക്കുശേഷം നോട്ടെഴുതാനും കമ്പ്യൂട്ടറുകളെ ആശ്രയിക്കണം, അത് വലിയൊരു പ്രശ്നം തന്നെയാണ്.''- സി.അവന്തിക, വിദ്യാർത്ഥി.
"ഓൺലൈൻ ക്ലാസുകൾ പൂർണമായും ഫലപ്രദമാണെന്ന് പറയാൻ കഴിയില്ല. മിക്ക കുട്ടികളും സ്കൂൾ തുറന്നാൽ മതിയെന്ന അവസ്ഥയിലാണ്.''- സുരേഷ് കുമാർ, മാനസികാരോഗ്യ വിദഗ്ധൻ