കോഴിക്കോട്: പൂനൂർ പുഴ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. നഗര സഞ്ചയ പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചത്. എലത്തൂർ പുഴ മുതൽ മുകളിലേക്കാണ് പ്രവൃത്തി നടത്തുക. ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയത് മാറ്റി ഒഴുക്ക് സുഖമമാക്കും. ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻ പ്രവൃത്തി ടെൻഡർ നടപടി പൂർത്തികരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. നഗര സഞ്ചയ ഫണ്ടിൽ നിന്ന് വടകര ജില്ലാ ആശുപത്രിയിൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഒരു കോടി രൂപയും അനുവദിച്ചു. നെല്ലിക്കുന്ന് കുടിവെള്ള പദ്ധതി, ഉള്ളിയേരി- 25 ലക്ഷം, പുതുശ്ശേരി കുടിവെള്ള പദ്ധതി ചെക്യാട്- 10 ലക്ഷം, മേപ്പയ്യൂർ ജി.എച്ച്.എസ്.എസ് കുടിവെള്ള പദ്ധതി 45 ലക്ഷം, ധർമ്മംകുന്ന് കുടിവെള്ള പദ്ധതി (കക്കോടി) 50,000, പൂക്കുന്നു മല എസ്.സി കോളനി കുടിവെള്ള പദ്ധതി(നന്മണ്ട) 15 ലക്ഷം, ചെമ്പോളി എസ്.സി കോളനി കുളം 10 ലക്ഷം, കുന്നുമ്മൽ എസ്.സി. കുടിവെള്ള പദ്ധതി (അത്തോളി ) 10 ലക്ഷം അടക്കം ഒരു കോടി ഇരുപതിലക്ഷം രൂപ ഏഴ് കൂടിവെള്ള പദ്ധതിക്കായും അനുവദിച്ചു.