
കോഴിക്കോട്: പ്ളസ് ടു കോഴക്കേസിൽ കെ.എം.ഷാജി എം.എൽ.എയെ 10ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. എൻഫോഴ്മെന്റ് നോർത്ത് സോൺ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ നിയമനവുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിൽ മുസ്ളിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദിൽ നിന്ന് ഇന്നലെ വൈകിട്ട് എൻഫോഴ്സ്മെന്റ് സംഘം മൊഴിയെടുത്തിരുന്നു. ആരോപണം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോ എന്ന വിവരമാണ് ആരാഞ്ഞത്.കെ.എം.ഷാജി ഉൾപ്പെടെ മുപ്പതു പേർക്ക് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. പല ദിവസങ്ങളിലായാണ് ഇവരിൽ നിന്നു മൊഴിയെടുക്കുക.