കോഴിക്കോട് : ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്‌സും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തിൽ 27 ടൂറിസം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഓൺലൈനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വിനോദ സഞ്ചാര വകുപ്പ് 1.70 കോടി ചെലവഴിച്ചാണ് മാനാഞ്ചിറ സ്‌ക്വയർ നവീകരണം പൂർത്തിയാക്കിയത്. ആംഫി തിയറ്റർ, കരിങ്കൽ പാതകൾ, ഡോമുകൾ, അലങ്കാര വിളക്കുകൾ, ചുറ്റുമതിൽ നടപ്പാത നവീകരണം, പെയിന്റിംഗ് ജോലികൾ, ദിശാ സൂചകം, അറിയിപ്പ് ബോർഡുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റാളുകൾ, പ്രവേശന കവാടം, പ്രതിമകൾ, മരങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ എന്നിവക്ക് സ്‌പോട്ട്‌ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഇലക്ട്രിക് പ്രവൃത്തികൾ തുടങ്ങിയവയാണ് നടപ്പാക്കിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനായിരുന്നു നവീകരണ ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. മാനാഞ്ചിറ സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ, എം.കെ മുനീർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ രാഘവൻ എംപി, ജില്ലാ കളക്ടർ സാംബശിവറാവു തുടങ്ങിയവർ പങ്കെടുക്കും.
വിനോദ സഞ്ചാര വകുപ്പിന്റെ 'ഗ്രീൻ കാർപെറ്റ്' പദ്ധതിയിൽ ഉൾപ്പെടുത്തി 2018ൽ അനുവദിച്ച 99.36 ലക്ഷം ഉപയോഗിച്ചാണ് വടകര സാന്റ് ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രം നവീകരിച്ചത്. സിറ്റിംഗ് സ്റ്റോൺ ബെഞ്ച്, വാട്ടർ കിയോസ്‌ക്, സിസിടിവി, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, റസ്റ്റ് റൂം നവീകരണം, സോളാർ ലൈറ്റ്, കുട്ടികളുടെ പാർക്ക്, കളിക്കാനുള്ള ഉപകരണങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, ലൈഫ് ഗാർഡുമാരുടെ സുരക്ഷാ ഉപകരണം സൂക്ഷിക്കാനുള്ള മുറി, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ റൂഫിംഗ് നവീകരണം, ചുറ്റുമതിൽ, ഡസ്റ്റ് ബിൻ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. സാന്റ് ബാങ്ക്‌സ് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, കെ. മുരളീധരൻ എം.പി എന്നിവർ പങ്കെടുക്കും.