നാദാപുരം: 40 വർഷത്തോളം പഴക്കമുള്ള നാദാപുരം പഞ്ചായത്തിലെ കണ്ണം വെള്ളി തൈ വെച്ച പറമ്പത്ത് മുക്ക് റോഡിലെ തോട്ടിന് കുറുകെയുള്ള പാലം അമിതഭാരവുമായി വന്ന ലോറി കയറി തകർന്നു. ചെങ്കല്ലുമായി എത്തിയ ലോറി പാലത്തിൽ കയറിയതോടെയാണ് പാലം തകർന്നത്. വശങ്ങളിലെ കൽക്കെട്ടുകളും ഇടിഞ്ഞു. തണ്ണീർപന്തൽ, കുമ്മങ്കോട്, കല്ലാച്ചി, കക്കട്ട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ പറ്റുന്ന റോഡിന്റെ പാലം തകർന്നതോടെ ഇതുവഴിയുള്ള കാൽനടയാത്ര പോലും തടസ്സപ്പെട്ടു.