കൽപ്പറ്റ: ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയിൽ ചലച്ചിത്ര താരം അബു സലിം കുട്ടികളുമായി സംവദിച്ചു.
അങ്ങയെ പോലെ മസിൽമാൻ ആകാൻ എന്തു ചെയ്യണം എന്നായിരുന്നു മിസ്റ്റർ ഇന്ത്യ ആയിരുന്ന അബു സലീമിനെ തേടിയെത്തിയ ചോദ്യം. ശരിയായ രീതിയിലുള്ള വ്യായാമമാണ് മനസിനും ശരീരത്തിനും ആവശ്യം. ഭക്ഷണ ക്രമീകരണം പോലെ ശരിയായ വ്യായാമം ആവശ്യമാണെന്നും അബു സലീം കുട്ടികളോട് പറഞ്ഞു.
കൊവിഡ് രോഗം വരാതിരിക്കാൻ ശരിയായ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓൺലൈനിലുള്ള പഠനമാണോ ഇഷ്ടം സ്കൂളിൽ പോകുന്നതാണോ എന്ന അബു സലിമിന്റെ ചോദ്യത്തിന് ഓൺലൈൻ പഠനമാണെന്നായിരുന്നു കുട്ടികളിൽ ഒരാളുടെ ഉത്തരം. പുതിയ സിനിമാ വിശേഷങ്ങൾ അറിയാനുള്ള കുട്ടികളുടെ ചോദ്യങ്ങൾക്കും അബു സലിം മറുപടി പറഞ്ഞു. ചടങ്ങിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.യു.സ്മിത, ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.