
കോഴിക്കോട്: പാതകളുടെ ഞെരുക്കം തീർത്തും പുത്തൻ പദ്ധതികൾ കൊണ്ടുവന്നും നഗരത്തിന്റെ മുഖച്ഛായ മാറ്റിയെടുത്ത നഗരപിതാവായിരുന്നു ഇന്നലെ വിട ചൊല്ലിയ എം.ഭാസ്‌കരൻ. വികസനത്തിന് പദ്ധതികൾആവിഷ്കരിക്കുന്നതിൽ മാത്രമായിരുന്നില്ല, അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും അങ്ങേയറ്റം കണിശത പുലർത്തിയിരുന്നു അദ്ദേഹം. എതിർപ്പുകളെയും വിമർശനങ്ങളെയും സൗമ്യമായ ചിരിയിലൂടെ നേരിടുന്ന ശൈലിയായിരുന്നു ഭാസ്‌കരന്റേത്. ഏതു പദ്ധതി ആവിഷ്കരിച്ചാലും അത് പൂർത്തിയാകുന്നതു വരെ നിരന്തരം വിലയിരുത്തുന്നതായിരുന്നു ശീലം. ആവശ്യമെന്ന് കണ്ടാൽ നേരിട്ട് ഇടപെടാനും മടിച്ചിരുന്നില്ല. ഇതു കാരണം ഒട്ടു മിക്ക പദ്ധതികളും സമയത്തിനു തന്നെ പൂർത്തിയാക്കാനും സാധിച്ചു. മാവൂർ റോഡിലെ ഇ.കെ നായനാർ മേല്പാലം തന്നെ ഉദാഹരണം. നേരത്തെ അരയിടത്തുപാലം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ശബരിമല സീസണിലും മറ്റും ഗതാഗത തടസ്സം മണിക്കൂറുകളോളം നീളുന്ന അവസ്ഥയായിരുന്നു. ഇതിന് ശാശ്വതപരിഹാരമെന്ന നിലയിൽ ഭാസ്കരൻ മേയറായിരിക്കെ നഗരസഭ മുന്നിട്ടിറങ്ങി മേല്പാലം പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിത്യേനയെന്നോണമുള്ള ഇടപെടലിലൂടെ കൃത്യസമയത്ത് തന്നെ പദ്ധതി പൂർത്തിയാക്കാനും സാധിച്ചു. കമ്മത്ത് ലെയ്ൻ വീതി കൂട്ടേണ്ടതിന്റെ അനിവാര്യത സ്ഥലമുടമകളെ ബോദ്ധ്യപ്പെടുത്തിയതിലൂടെ അതിവേഗത്തിൽ പദ്ധതി നടപ്പാക്കുകയായിരുന്നു. സ്ഥലമുടമകൾ ഭൂമി സൗജന്യമായാണ് വിട്ടുനൽകിയത്. ഒയിറ്റി റോഡ്, വൈ.എം.സി.എ ക്രോസ് റോഡ് തുടങ്ങിയവ വീതി കൂട്ടാനും ഭൂമി സൗജന്യമായി ലഭ്യമായത് അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ്. ഞെളിയൻ പറമ്പ് നവീകരണം നഗരവാസികൾ ഒരിക്കലും മറക്കില്ല. ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണം നഗരസഭയ്ക്ക് എന്നും തലവേദനയായിരുന്നു. പലപ്പോഴും സംഘർഷത്തിലേക്ക് എത്തിയിരുന്നു പരിസരവാസികളുടെ പ്രതിഷേധം. പ്രശ്നത്തിന് പരിഹാരമായി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന പദ്ധതി നടപ്പാക്കി. ഗ്രൗണ്ടിന് ചുറ്റും റോഡ് നിർമ്മിച്ച് ചെടികൾ നട്ട് ഹരിതാഭമാക്കി മാറ്റുകയും ചെയ്തു. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന സംവിധാനം ഉണ്ടാക്കിയതും അദ്ദേഹത്തിന്റെ കാലയളവിലായിരുന്നു. ഗരുഡൻകുളം നവീകരണം, താമരക്കുളം നവീകരണം, ഇൻഡോർ സ്റ്റേഡിയം നവീകരണം എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.