fish

കോഴിക്കോട്:കൊവിഡ് കാല ജീവിതം നാല് ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങിയതോടെ അലങ്കാര മത്സ്യങ്ങളോടും വളർത്ത് മൃഗങ്ങളോടുമുള്ള ചങ്ങാത്തം കൂടി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വീടുകളിൽ അലങ്കാര മത്സ്യങ്ങളും മൃഗങ്ങളും വളർത്തുന്നവർ കൂടിവരികയാണ്. മുതിർന്നവർക്കൊപ്പം കുട്ടികളുമുണ്ട് ഈ 'ചങ്ങാതികൂട്ട'ത്തിൽ. അലങ്കാര മത്സ്യങ്ങൾ, പൂച്ചകൾ, വിവിധതരം പക്ഷികൾ എന്നിവയെല്ലാമുണ്ട് വീടുകളിൽ. എന്നാൽ മത്സ്യം വളർത്തുന്നവരാണ് കൂടുതൽ. വിപണി സാധ്യത മുന്നിൽ കണ്ട് മത്സ്യം- മൃഗം വളർത്തൽ വിപുലപ്പെടുത്തിയവരുമുണ്ട്. ലൈസൻസ് കർശനമല്ലാത്തതിനാൽ പലരുടെയും വിപണന കേന്ദ്രം തെരുവോരങ്ങളാണ്. ടൗണുകളിലെല്ലാം അലങ്കാര മത്സ്യങ്ങൾ വിൽക്കുന്ന ഷോപ്പുകൾ കൂടിവരികയാണ്.അലങ്കാ മത്സ്യങ്ങളിൽ ഗപ്പികൾക്കാണ് ഡിമാന്റ്. 80 രൂപയിൽ തുടങ്ങും ഗപ്പികളുടെ വില. ശുദ്ധജല സ്വർണ മത്സ്യങ്ങൾ, മാലാഖ മത്സ്യങ്ങൾ, ഗൗരാമികൾ, പടയാളി, മോളി, പ്ലാറ്റി, വാൾവാലൻ തുടങ്ങി അലങ്കാര മത്സ്യങ്ങൾ തരംപോലെയുണ്ട് വിപണിയിൽ. പക്ഷികളിൽ ലൗ ബേർഡ്സിനോടാണ് പ്രിയം. എന്നാൽ ലൗ ബേർഡ്സ്, പ്രാവുകൾ തുടങ്ങിയവ കടകളിൽ എത്തുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. അതിനാൽ ഇവയുടെ വിലയും ഉയർന്നിട്ടുണ്ട്. ലൗ ബേർഡ്സ് ജോഡികൾക്ക് 600 രൂപയാണ്.നേരത്തെ ഇതിന് 250 രൂപയായിരുന്നു. പ്രാവുകൾക്കും വില വ‌ർദ്ധിച്ചിട്ടുണ്ട്.നായകളിൽ പൊമേറിയൻ, ഡോബർ മാൻ, ജ‌‌ർമൻ ഷെപ്പേർഡ് തുടങ്ങിയ ഇനങ്ങൾക്കാണ് ആവശ്യക്കാരേറെ.

"ലോക്ക് ഡൗണിന് ശേഷം കുട്ടികളാണ് കൂടുതലും അലങ്കാര മത്സ്യങ്ങൾ വാങ്ങാൻ എത്തുന്നത്. കുട്ടികളുടെ വിചാരം വളരെ പെട്ടെന്ന് വില്ക്കാൻ കഴിയുമെന്നാണ്. അലങ്കാര മത്സ്യങ്ങളുടെ പരിപാലനം എളുപ്പം തന്നെയാണ്, എന്നാൽ ശരിയായി വരാൻ സമയമെടുക്കും."- അനന്തു, അലങ്കാര മത്സ്യവില്പനക്കാരൻ

" കച്ചവടം കൂടുതൽ നടക്കുന്നത് മത്സ്യങ്ങളാണ്. അടുത്തിടെ പൂച്ചകൾക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. പൂച്ചകളെ ചോദിച്ച് ആളുകൾ വരാറുണ്ട്. വില കൂടുതലായതിനാൽ വില്പന നടത്താറില്ല.''- അനീഷ്, കച്ചവടക്കാരൻ