കൽപ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിൽ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമായി. തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തി തെരുവ് നായ്ക്കളുടെ എണ്ണം നിയന്തിക്കുന്നതിനുള്ള പദ്ധതിയാണിത്. പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ എ.ബി.സി അംഗങ്ങൾ കുടുംബശ്രീ എംപാനൽ ചെയ്ത വെറ്ററിനറി സർജൻമാരുടെ നേതൃത്വത്തിലാണ് എ.ബി.സി പദ്ധതി നടപ്പിലാക്കുന്നത്. ബത്തേരി പോളിക്ലിനിക്ക് ക്യാമ്പസിൽ തയ്യാറാക്കിയ തിയേറ്ററിൽ വച്ചാണ് ശസ്ത്ക്രിയ നടത്തുന്നത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിക്കായി തുക കുടുംബശ്രീ ജില്ലാ മിഷന് നൽകിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ട പരിപാടി ബത്തേരി മുനിസിപ്പാലിറ്റിയിലാണ് ആരംഭിച്ചത്. ജില്ലാ മിഷന് തുക നൽകിയ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉടൻ പദ്ധതി നടപ്പിലാക്കും. പരിശീലനം ലഭിച്ച ടീമംഗങ്ങൾ തെരുവ് നായ്ക്കളെ പിടിച്ച് പ്രത്യകം തയ്യാറാക്കിയ കേന്ദ്രങ്ങളിൽ താമസിപ്പിക്കും. നിരീക്ഷണ സമയത്തിന് ശേഷം ഡോക്ടർ പരിശോധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, നിശ്ചിത സമയം നിരീക്ഷണത്തിൽ വച്ച ശേഷം പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുവിടുകയും ചെയ്യും.
പേവിഷ ബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയാണ് തിരിച്ച് വിടുക. പരിചരണ സമയത്ത് സമീകൃത ആഹാരം നൽകിയാണ് സംരക്ഷിക്കുക.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള നിർവ്വഹിച്ചു. ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജിഷ ഷാജി അദ്ധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാബു അബ്ദുറഹിമാൻ, പി.കെ സുമതി, നഗരസഭ കൗൺസിലർ എൽസി പൗലോസ്, ചീഫ് വെറ്ററിനറി സർജൻ ഡോ.സുധീർ കുമാർ, നഗരസഭ സെക്രട്ടറി അലി അസ്‌കർ, ഡോ.പ്രകശ്, ഡോ.ആരിഫ്, ഡോ. ജയകൃഷ്ണൻ, ഡോ.ടിനു, സിഡിഎസ് ചെയർപേഴ്സൺ രാധ, ഡിപിഎം ഇൻ ചാർജ്ജ് നിഷ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത സ്വാഗതവും, അസി. കോ-ഓർഡിനേറ്റർ കെ.എ.ഹാരിസ് നന്ദിയും പറഞ്ഞു.