അമ്പലവയൽ: വിനോദ സഞ്ചാര മേഖലയിൽ കൊവിഡ് ഏൽപ്പിച്ച ആഘാതങ്ങൾ മറികടന്ന് താമസിയാതെ കേരളം സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമ്പലവയൽ ചീങ്ങേരി റോക്ക് സാഹസിക ടൂറിസ കേന്ദ്രം ഉൾപ്പെടെയുളള വിവിധ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ തോതിലുള്ള സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവുമാണ് ടൂറിസം മേഖലയിൽ സംഭവിച്ചത്. കുതിപ്പുകൾക്ക് മുൻപുള്ള സമയമായി വേണം ഇതിനെ സ്വീകരിക്കാൻ. ടൂറിസം മേഖലയുടെ അതിജീവനത്തിനായാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സാഹസിക വിനോദത്തിന് ഏറെ സാധ്യതയുള്ള ജില്ലയുടെ ടൂറിസം മേഖലയിലെ വികസനത്തിന് ചീങ്ങേരി റോക്ക് ടൂറിസം സുപ്രധാന പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കാൻ സാധിക്കുംവിധത്തിലാണ് സാഹസിക ടൂറിസം കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ ടൂറിസം സഹകരണം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോർജ്, ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം കുഞ്ഞുമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാ രാജു, എ.പി. കുര്യാക്കോസ്, എം.യു.ജോർജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ജി.പ്രകാശൻ, കെ.ഷമീർ, ഡെപ്യൂട്ടി ഡയറക്ടർ കെ.രാധാകൃഷ്ണൻ, ഡി.ടി.പി.സി സെക്രട്ടറി ബി.ആനന്ദ്, ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എസ്.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ചീങ്ങേരിമലയിൽ സാഹസിക ടൂറിസം പദ്ധതിക്കായി 1.04 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ടിക്കറ്റ് കൗണ്ടർ ക്ലോക്ക് റൂം ഓഫീസ് റൂം എന്നിവ ഉൾക്കൊള്ളുന്ന എൻട്രൻസ് പ്ലാസ, ടോയിലറ്റ് ആൻഡ് പാൻട്രി ബ്ലോക്ക്, പർഗോള, മൾട്ടിപർപ്പസ് ബ്ലോക്ക് എന്നീ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് ടൂറിസം കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സഞ്ചാരികളുടെ ശാരീരിക ക്ഷമത അനുസരിച്ച് വിവിധ തലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഗൈഡഡ് ട്രക്കിംഗ് ആണ് പ്രധാന ആകർഷണം.
(ചിത്രം)